ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. 135 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോം ബാന്റന്‍ ബാറ്റിങിലും ഗസ് അറ്റ്കിന്സന് ബൗളിങിലും മികവ് പുലര്‍ത്തിയാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സ് അടിച്ചെടുത്തു. ഓസ്ട്രേലിയയുടെ പോരാട്ടം 44.3 ഓവറില്‍ 220 റണ്‍സില്‍ അവസാനിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയില്‍ ആയതോടെ മൂന്നാം ഏകദിനം ഇരുടീമിനും നിർണായകമാകും.
99 പന്തില്‍ 12 ഫോറും 4 സിക്സും സഹിതം ബാന്റന്‍ ഇംഗ്ലണ്ടിനായി 121 റണ്‍സെടുത്തു. റൂട്ട് 62 റണ്‍സ് സ്വന്തമാക്കി. ജോര്‍ദാന്‍ കോക്സ് 49 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 67 റണ്‍സ് വാരി. വില്‍ ജാക്സ് പുറത്താകാതെ 40 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 54 റണ്‍സും സ്വന്തമാക്കി.ഓസ്ട്രേലിയക്കായി സേവ്യയര്‍ ബാര്ട്ലെറ്റ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി.
ജയത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് വേണ്ടി കാമറൂണ്‍ ഗ്രീന്‍ 64 റണ്‍സും റെന്‍ഷോ 63 റണ്‍സും നേടി. മറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.
ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്സന് മിന്നും ബൗളിങ് പുറത്തെടുത്തു. താരം 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്തു. ലിയാം ഡോസന്, സാം കറന് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി.
content highlights: tom-banton-century-helps-england-defeat-australia