'കുട്ടികൾ ആഘോഷിക്കട്ടെ'; പാകിസ്ഥാനെതിരായ ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷത്തെ പിന്തുണച്ച് BCCI

തോൽവിയുടെ വക്കിൽ നിന്ന് പൊരുതി നേടിയ വിജയത്തിന് ശേഷം വികാരങ്ങൾ പ്രകടിപ്പിക്കാനും ആഘോഷിക്കാനും യുവതാരങ്ങൾക്ക് അവകാശമുണ്ടെന്ന് ബി സി സി ഐ സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കി.

അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്‌താനെതിരെ നേടിയ ആവേശജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങളിൽ ടീമിന് പിന്തുണയുമായി ബിസിസിഐ. തോൽവിയുടെ വക്കിൽ നിന്ന് പൊരുതി നേടിയ വിജയത്തിന് ശേഷം വികാരങ്ങൾ പ്രകടിപ്പിക്കാനും ആഘോഷിക്കാനും യുവതാരങ്ങൾക്ക് അവകാശമുണ്ടെന്ന് ബി സി സി ഐ സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കി.

ഇന്നലെ നടന്ന ഫൈനലിൽ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. ഒരു ഘട്ടത്തിൽ കളി ഇന്ത്യയുടെ കൈവിട്ടുപോയെന്ന് തോന്നിച്ചതാണ്. എന്നിട്ടും ഇന്ത്യ വിജയിച്ചു. ഒരിക്കലും തോൽക്കാൻ മനസില്ലാത്ത അവരുടെ മനോഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും സൈക്കിയ പറഞ്ഞു. ഇത്രയും പ്രയാസകരമായ സാഹചര്യത്തിൽ നിന്ന് ഒരു മത്സരം ജയിക്കുമ്പോൾ ആഘോഷിക്കാൻ അവർ തീർച്ചയായും അർഹരാണെന്നും അതിന് അവരെ അനുവദിക്കണമെന്നും സൈക്കിയ കൂട്ടിച്ചേർത്തു.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്. ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 51 പന്തിൽ 86 റൺസ് വേണമെന്ന അവസ്ഥയിലായിരുന്നു ഇന്ത്യ. എന്നാൽ ഒമ്പതാം വിക്കറ്റിൽ ഒന്നിച്ച മണാൽ ചൗഹാനും (32 പന്തിൽ 47) മോഹിത് ഉൽവയും (26 പന്തിൽ പുറത്താകാതെ 49) ഇന്ത്യയ്ക്ക് പുതുജീവൻ നൽകി. അവസാന പന്തിൽ ബൗണ്ടറി നേടി മോഹിത് ഉൽവയാണ് ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്.

content highlights: bcci backs indian players celebration against pakistan let the kids celebrate

To advertise here,contact us