ഗംഭീറിന് ആശങ്ക; 'ഇതൊരു വലിയ തോല്‍വി തന്നെയാണ്..' -പ്രതികരിച്ച് ഇന്ത്യന്‍ കോച്ച്

നാലാം ഏകദിനത്തില്‍ ഇന്ത്യ 244 റണ്‍സിനാണ് തോറ്റത്, ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളില്‍ രണ്ടാമത്തേതാണിത്

മൗണ്ട് മൗംഗനൂയിയില്‍ ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ 89 റണ്‍സിന് പുറത്തായി 244 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ, ടീമിന്റെ ബാറ്റിംഗ് തകര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ രംഗത്തെത്തി. നാലാം ഏകദിനത്തിലെ തകര്‍ച്ച മാത്രമല്ല, മഴ തടസ്സപ്പെടുത്തിയ രണ്ടാം ഏകദിനത്തില്‍ 135 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 111/7 എന്ന നിലയിലേക്ക് തകര്‍ന്നതും (മത്സരം ഇന്ത്യ ഡക്ക്വര്‍ത്ത്-ലൂയിസ് നിയമപ്രകാരം കഷ്ടിച്ച് ജയിച്ചിരുന്നു) ഗംഭീര്‍ ചൂണ്ടിക്കാട്ടി.

പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നില്‍ നില്‍ക്കെ, ഞായറാഴ്ച മൗണ്ട് മൗംഗനൂയിയില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബാറ്റിംഗ് നിരയില്‍ നിന്ന് മെച്ചപ്പെട്ട പ്രകടനമാണ് ഗംഭീര്‍ പ്രതീക്ഷിക്കുന്നത്.

'ഇത് മൂടിവെച്ചിട്ട് ഒരു കാര്യവുമില്ല. ഈ ഒരു മത്സരത്തില്‍ മാത്രമല്ല ഇത് സംഭവിച്ചത്. കഴിഞ്ഞ മത്സരത്തിലും 111 റണ്‍സിന് നമ്മുടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇന്ന് നമ്മള്‍ തോറ്റതുകൊണ്ടാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്' -മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.

'അതേ, ഇതൊരു വലിയ തോല്‍വി തന്നെയാണ്, അതില്‍ സംശയമില്ല. പക്ഷേ കഴിഞ്ഞ മത്സരത്തിലും 135 റണ്‍സ് പിന്തുടരുമ്പോള്‍ 111 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടപ്പെടുന്നത് തീര്‍ച്ചയായും ആശങ്കാജനകമാണ്. കാരണം ഇവിടെ ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. അതിനാല്‍ മാനസികമായി മാത്രമല്ല, സാങ്കേതികമായും നമ്മള്‍ കൂടുതല്‍ തയ്യാറെടുക്കേണ്ടതുണ്ട്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്നേക്കാവുന്ന സാഹചര്യങ്ങളോട് ഏറെ സാമ്യമുള്ളതാണ് ന്യൂസീലന്‍ഡിലെ സീം-ഫ്രണ്ട്ലി പിച്ചുകളെന്നും, അതിനാല്‍ ടീം പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഗംഭീര്‍ ഊന്നിപ്പറഞ്ഞു. '90-ഓളം റണ്‍സിന് പുറത്താകുമ്പോള്‍ എപ്പോഴും ആശങ്കയുണ്ടാകും, എനിക്കെന്തുകൊണ്ട് ആശങ്കയുണ്ടാകാതിരിക്കണം? ലോകകപ്പില്‍ നമുക്ക് ലഭിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന പിച്ചുകളാണിത് എന്നതുകൊണ്ട് തന്നെ എനിക്ക് തീര്‍ച്ചയായും ആശങ്കയുണ്ട്' -ഗംഭീര്‍ വ്യക്തമാക്കി.

വില്‍ യങ്ങിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും (108 പന്തില്‍ 125) മാറ്റ് ഹെന്റിയുടെ കരിയറിലെ മികച്ച ഏകദിന ബൗളിങ് പ്രകടനവുമാണ് (6/27) ന്യൂസീലന്‍ഡിന് വിജയമൊരുക്കിയത്. ടിം സീഫെര്‍ട്ട് (48 പന്തില്‍ 58), ഫിന്‍ അലന്‍ (30 പന്തില്‍ 41) എന്നിവരുടെ നിര്‍ണ്ണായക ഇന്നിംഗ്സുകളും ആതിഥേയരെ 333 എന്ന കൂറ്റന്‍ സ്‌കോറിലെത്തിക്കാന്‍ സഹായിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനായി വില്‍ യങ്ങും ടിം സീഫെര്‍ട്ടും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടു. 334 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ കിവീസ് പേസ് നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഈ ആധികാരിക വിജയത്തോടെ പരമ്പരയിലെ ഇന്ത്യയുടെ ലീഡ് 2-1 ആയി കുറയ്ക്കാന്‍ ന്യൂസിലന്‍ഡിനായി. ഇതോടെ ഞായറാഴ്ച നടക്കുന്ന അവസാന മത്സരം നിര്‍ണ്ണായകമായി.

content highlights: Gautam Gambhir Expresses Concern After Heavy Defeat: 'It Is Indeed a Big Loss'

To advertise here,contact us