ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സില്‍; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വമ്പന്‍ കൈമാറ്റം

അര്‍ഷ്ദീപ് സിങ് മുംബൈ ഇന്ത്യന്‍സിലെത്തി, കൈമാറ്റങ്ങള്‍ 18 കോടി രൂപയ്ക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റങ്ങളിലൊന്നില്‍, മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ പഞ്ചാബ് കിങ്‌സിലേക്ക് മാറുന്നു. പകരം 2025-ലെ ഫൈനലിസ്റ്റുകളായ പഞ്ചാബ് കിങ്‌സ്, ഇന്ത്യയുടെ മുന്‍നിര ട്വന്റി20 ബൗളറായ അര്‍ഷ്ദീപ് സിങ്ങിനെ മുംബൈ ഇന്ത്യന്‍സിന് നല്‍കും.

'ടാറ്റാ ഐപിഎല്‍ 2027-ന് മുന്നോടിയായുള്ള പ്രധാന താര കൈമാറ്റത്തിലൂടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്ക് മാറും. അതേസമയം ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ അര്‍ഷ്ദീപ് സിങ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സില്‍ ചേരും' -ഐപിഎല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

നിലവിലെ 16.35 കോടി രൂപയില്‍ നിന്ന് 18 കോടി രൂപ തുകയിലാണ് ഹാര്‍ദിക് പിബികെഎസില്‍ ചേരുന്നത്. എന്നാല്‍ നിലവിലെ 18 കോടി രൂപ പ്രതിഫലത്തില്‍ തന്നെയാണ് അര്‍ഷ്ദീപ് എംഐയിലേക്ക് എത്തുന്നത്. നാല് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സുമായുള്ള ഹാര്‍ദിക്കിന്റെ രണ്ടാം ഘട്ടത്തിനാണ് ഈ ട്രേഡോടെ തിരശ്ശീല വീഴുന്നത്. 2015-ല്‍ ആദ്യമായി എംഐയില്‍ ചേര്‍ന്ന പാണ്ഡ്യ, 2015, 2017, 2019, 2020 വര്‍ഷങ്ങളിലെ ടീമിന്റെ കിരീടനേട്ടങ്ങളില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച സംഭാവനകള്‍ നല്‍കി ലീഗിലെ ഏറ്റവും സ്വാധീനമുള്ള ഓള്‍റൗണ്ടര്‍മാരിലൊരാളായി വളര്‍ന്നു.

മുംബൈയിലെ ഏഴ് സീസണുകള്‍ക്ക് ശേഷം, ഐപിഎല്‍ 2022-ന് മുന്നോടിയായി പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് മാറുകയും, അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനെ നയിച്ച് കിരീടം നേടിക്കൊടുക്കുകയും ചെയ്തു. 2023-ലും ജിടിയെ ഫൈനലിലെത്തിച്ച ശേഷമാണ് 2024-ല്‍ പാണ്ഡ്യ എംഐയിലേക്ക് മടങ്ങിയെത്തുകയും ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയും ചെയ്തത്. 162 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 146.28 സ്‌ട്രൈക്ക് റേറ്റില്‍ 2,955 റണ്‍സും 82 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

എങ്കിലും, മൂന്ന് സീസണുകള്‍ നീണ്ടുനിന്ന എംഐയിലെ ഹാര്‍ദിക്കിന്റെ രണ്ടാം ഘട്ടം നിരാശാജനകമായിരുന്നു. 39 മത്സരങ്ങളിലെ 35 ഇന്നിങ്‌സുകളില്‍ നിന്ന് 21.53 ശരാശരിയിലും 147.82 സ്‌ട്രൈക്ക് റേറ്റിലും 647 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്; 48* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു അഞ്ച് വിക്കറ്റ് നേട്ടമടക്കം 34-ലേറെ ശരാശരിയില്‍ 39 മത്സരങ്ങളില്‍ നിന്ന് 29 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. 2025 സീസണില്‍ എംഐ പ്ലേഓഫില്‍ എത്തിയെങ്കിലും, ഹാര്‍ദിക്കിന്റെ നായകത്വത്തിന് കീഴില്‍ 2024-ല്‍ അവസാന സ്ഥാനത്തും 2026-ല്‍ ഒന്‍പതാം സ്ഥാനത്തുമാണ് ടീം ഫിനിഷ് ചെയ്തത്.

അതേസമയം, 2019-ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിക്കുകയും ലീഗിലെ മുന്‍നിര ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി മാറുകയും ചെയ്ത പിബികെഎസിലെ എട്ട് സീസണുകള്‍ക്ക് ശേഷമാണ് അര്‍ഷ്ദീപ് എംഐയിലേക്ക് മാറുന്നത്. 96 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 111 വിക്കറ്റുകള്‍ നേടിയ അര്‍ഷ്ദീപ്, പിബികെഎസിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ്.

പുതിയ പന്തില്‍ ആദ്യ ബ്രേക്ക്ത്രൂകള്‍ കണ്ടെത്താനും ഡെത്ത് ഓവറുകളില്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ പന്തെറിയാനുമുള്ള അര്‍ഷ്ദീപിന്റെ കഴിവ് പഞ്ചാബിന്റെ ബൗളിങ് നിരയിലെ പ്രധാന ഘടകമായിരുന്നു. ഐപിഎല്‍ 2025-ല്‍ 21 വിക്കറ്റുകള്‍ വീഴ്ത്തിയ താരം 2026 സീസണില്‍ 14 വിക്കറ്റുകളും നേടി. അദ്ദേഹത്തിന്റെ ഇടങ്കയ്യന്‍ പേസും ഇന്നിങ്‌സിന്റെ വിവിധ ഘട്ടങ്ങളില്‍ പന്തെറിയാനുള്ള മികവും എംഐയുടെ ബൗളിങ് നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരും.

content highlights: Blockbuster IPL Trade Confirmed: Hardik Pandya Joins Punjab Kings, Arshdeep Singh Moves to Mumbai Indians

To advertise here,contact us