കെഎല്‍ രാഹുല്‍ സമ്മര്‍ദ്ദത്തിലല്ല; താരത്തെ പ്രകീര്‍ത്തിച്ച് ബാറ്റിങ് കോച്ച്

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പാണ് കെഎല്‍ രാഹുലിനെ പിന്തുണച്ച് സിതാന്‍ഷു കൊട്ടക് രംഗത്തെത്തിയത്

കെ.എല്‍. രാഹുലിന്റെ മികച്ച പ്രകടനത്തെയും സമചിത്തതയെയും വിവിധ ബാറ്റിംഗ് പൊസിഷനുകളോട് ഇണങ്ങിച്ചേരാനുള്ള കഴിവിനെയും പ്രശംസിച്ച് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക്. ഹാമില്‍ട്ടണില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി, വിക്കറ്റ് കീപ്പര്‍ ബാറ്ററായ രാഹുല്‍ ടീമിന് ഒരു മികച്ച സമ്പത്താണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

വെല്ലിംഗ്ടണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ രണ്ട് ഫോറുകളും രണ്ട് സിക്‌സറുകളും അടക്കം 38 പന്തില്‍ നിന്ന് പുറത്താകാതെ 26 റണ്‍സ് നേടിയ രാഹുല്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ പിച്ചില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴുമ്പോഴും ഒരു അറ്റത്ത് നിലയുറപ്പിച്ച രാഹുല്‍, മഴ മൂലം കളി തടസ്സപ്പെടുന്നതിന് മുന്‍പ് 26 ഓവറില്‍ ഇന്ത്യയെ 113/7 എന്ന നിലയില്‍ എത്തിക്കാന്‍ സഹായിച്ചു. ഡി.എല്‍.എസ് രീതിപ്രകാരം ഇന്ത്യ ഒടുവില്‍ നാല് റണ്‍സിന് മത്സരം ജയിക്കുകയും ചെയ്തു.

ടീമിന്റെ ആവശ്യാനുസരണം ബാറ്റിംഗ് പൊസിഷനില്‍ മാറ്റങ്ങള്‍ വരുത്താനും സ്ഥിരതയോടെ സംഭാവന നല്‍കാനുമുള്ള രാഹുലിന്റെ കഴിവിനെ കോട്ടക് എടുത്തുപറഞ്ഞു. 'കെ.എല്‍. രാഹുലിന്റെ ഏറ്റവും വലിയ മേന്മ എന്ന് പറയുന്നത്, അദ്ദേഹം റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഓപ്പണ്‍ ചെയ്യുന്നു, വൈറ്റ്-ബോള്‍ ഏകദിനങ്ങളില്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നു, ആവശ്യമുള്ളപ്പോഴൊക്കെ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യുന്നു എന്നതാണ്. ഈ രണ്ട് പൊസിഷനുകളിലും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് വളരെ മികച്ചതാണ്. ടീമിന്റെ ആവശ്യാനുസരണം കളിക്കുന്ന വ്യക്തിയാണദ്ദേഹം. ഞാന്‍ ചുമതലയേറ്റ ശേഷം, ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടും അദ്ദേഹം സംഭാവന നല്‍കാന്‍ കഴിയാതെ പോയ മത്സരങ്ങള്‍ വളരെ അപൂര്‍വ്വമാണ്' -പ്രീ-മാച്ച് വാര്‍ത്താ സമ്മേളനത്തില്‍ കോട്ടക് പറഞ്ഞു.

രാഹുലിന്റെ മനസ്സാന്നിധ്യത്തെയും സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിനെയും പ്രശംസിച്ച ബാറ്റിംഗ് കോച്ച്, വിഷമകരമായ സാഹചര്യങ്ങളില്‍ അദ്ദേഹം ശാന്തനായിരിക്കുമെന്നും മത്സരത്തിന്റെ ആവശ്യകത അനുസരിച്ച് കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും പറഞ്ഞു. 'അദ്ദേഹം വിശ്വസിക്കാനാകാത്ത ചില ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുണ്ട്. കെ.എല്‍ സമ്മര്‍ദ്ദത്തിലാകുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം എപ്പോഴും വളരെ ശാന്തനും സ്ഥിരതയുള്ളവനുമായി കാണപ്പെടുന്നു. മിക്കപ്പോഴും അദ്ദേഹം ടീമിനെ നിരാശപ്പെടുത്തിയിട്ടുമില്ല. അത്തരം അനുഭവസമ്പത്തും മനസ്സാന്നിധ്യവും കഴിവുമുള്ള ഒരാള്‍ കൂടെയുള്ളത് വളരെ മികച്ച കാര്യമാണ്‌സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ബൗണ്ടറികള്‍ അടിക്കാനും, ആവശ്യമുള്ളപ്പോള്‍ പന്ത് എളുപ്പത്തില്‍ സിക്‌സറുകളാക്കാനും അദ്ദേഹത്തിന് കഴിയും. കെ.എല്ലിനെപ്പോലൊരാള്‍ കൂടെയുള്ളത് വലിയൊരു നേട്ടമാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് അക്‌സര്‍ പട്ടേലിനെ ഏകദിനങ്ങളില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ട് ഇറക്കിയിട്ടുള്ള സാഹചര്യത്തില്‍, രാഹുല്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതിന് പിന്നിലെ ചിന്തയും കോട്ടക് വിശദീകരിച്ചു. ലെഫ്റ്റ്-റൈറ്റ് ബാറ്റിംഗ് കോമ്പിനേഷനാണ് പ്രധാന കാരണങ്ങളിലൊന്നെന്നും, അതോടൊപ്പം മത്സരങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനുള്ള രാഹുലിന്റെ കഴിവും മറ്റൊരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള അനുഭവസമ്പത്തും കഴിവും അക്‌സറിനുണ്ടെന്നും കോട്ടക് ചൂണ്ടിക്കാണിച്ചു.

'അതെ, ഒരു കാരണം തീര്‍ച്ചയായും ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ തന്നെയാണ്. മറ്റൊരു ഘടകം മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള കെ.എല്ലിന്റെ മികവ് തിരിച്ചറിഞ്ഞതാണ്. കൂടാതെ, അക്‌സര്‍ മുമ്പ് പലപ്പോഴും ഏകദിനങ്ങളില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുണ്ട്; അദ്ദേഹം കഴിവുള്ള ഒരു ബാറ്ററാണ്. യാഥാര്‍ത്ഥ്യം എന്തെന്നാല്‍, ഒരു തന്ത്രം വഴി റണ്‍സ് ലഭിച്ചില്ലെങ്കില്‍ ആളുകള്‍ എന്തുകൊണ്ടാണ് ആ കളിക്കാരനെ മുന്നോട്ട് അയച്ചതെന്ന് ചോദ്യം ചെയ്യും; അത് വിജയിച്ചാല്‍ ആളുകള്‍ അതിനെ മികച്ച നീക്കം എന്ന് വിളിക്കും. കാര്യം അങ്ങനെയാണ്' -കൊട്ടക് പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ അന്താരാഷ്ട്ര സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ടീമിലെ യുവതാരങ്ങളെ സഹായിക്കുന്നതില്‍ അനുഭവസമ്പന്നരായ കളിക്കാരുടെ പ്രാധാന്യത്തെക്കുറിച്ചും ബാറ്റിംഗ് കോച്ച് ഊന്നിപ്പറഞ്ഞു. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ തുടങ്ങിയ സീനിയര്‍ കളിക്കാരുടെ സംഭാവനകളെ എടുത്തുപറഞ്ഞ കൊട്ടക്, അവരുടെ അനുഭവസമ്പത്തും വഴികാട്ടലും ഉയര്‍ന്നുവരുന്ന കളിക്കാര്‍ക്ക് വിലപ്പെട്ട പാഠങ്ങള്‍ നല്‍കുമെന്നും വ്യക്തമാക്കി.

'അനുഭവസമ്പത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. വിരാട്, രോഹിത്, കെ.എല്‍, ശുഭ്മാന്‍, ഉയര്‍ന്ന തലത്തില്‍ തിളങ്ങിയ ഗൗതം എന്നിവര്‍ തങ്ങളുടെ 15 മുതല്‍ 20 വര്‍ഷം വരെയുള്ള അന്താരാഷ്ട്ര കരിയറിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത് യുവതാരങ്ങള്‍ക്ക് വളരെ വലിയ കാര്യമാണ്. മുതിര്‍ന്ന താരങ്ങള്‍ക്ക് പഠിച്ചെടുക്കാന്‍ 15 വര്‍ഷമെടുത്ത പാഠങ്ങള്‍ 15 മിനിറ്റ് നീളുന്ന സംഭാഷണത്തിലൂടെ നല്‍കാന്‍ കഴിയും. അത്തരത്തിലുള്ള ഉപദേശങ്ങള്‍ വിലമതിക്കാനാവാത്തതാണ്, അറിവുകള്‍ പങ്കുവെക്കുന്ന അനുഭവസമ്പന്നരായ വ്യക്തികള്‍ ഒപ്പമുള്ളത് വലിയൊരു ആനുകൂല്യമാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ന്യൂസീലാന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിനം നവംബര്‍ 10-ന് ഹാമില്‍ട്ടണില്‍ നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലേക്ക് തിരിച്ചുവരാനാണ് ബ്ലാക്ക് ക്യാപ്സ് ലക്ഷ്യമിടുന്നതെങ്കില്‍, തങ്ങളുടെ മേല്‍ക്കൈ വര്‍ധിപ്പിച്ച് പരമ്പരയില്‍ മറികടക്കാനാകാത്ത ലീഡ് നേടാനാണ് ഇന്ത്യന്‍ ടീം ശ്രമിക്കുന്നത്.

content highlights: 'KL Rahul Not Under Any Pressure': Indian Batting Coach Hails Top-Order Batter

To advertise here,contact us