ന്യൂസീലന്‍ഡിന് കനത്ത തിരിച്ചടി; മൂന്നും നാലും ഏകദിനങ്ങളില്‍ നിന്ന് മുന്‍നിര പേസര്‍മാര്‍ പുറത്ത്

ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരങ്ങള്‍ക്കിടെ ന്യൂസിലന്‍ഡിന് തിരിച്ചടിയായി പുതിയ പരിക്കുകള്‍

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് മുന്നോടിയായി ന്യൂസിലന്‍ഡിന്റെ പേസ് ബൗളിംഗ് നിരയ്ക്ക് വീണ്ടും തിരിച്ചടിയേറ്റു. കായികക്ഷമതയില്ലായ്മയും തലയ്‌ക്കേറ്റ പരിക്കുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകളും കാരണം ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്നര്‍ എന്നിവര്‍ അവസാന മത്സരങ്ങളില്‍ കളിക്കില്ല.

വലതുകാലിലെ പേശികള്‍ക്കേറ്റ നേരിയ പരിക്കില്‍ നിന്ന് മുക്തി നേടാനാകാത്തതിനെത്തുടര്‍ന്നാണ് ഫെര്‍ഗൂസണ്‍ പുറത്തായത്. മുന്‍പ് നടന്ന ട്വന്റി-20 പരമ്പരയ്ക്കിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് 0-2 ന് പിന്നില്‍ നില്‍ക്കുന്ന ന്യൂസിലന്‍ഡിന്, പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ശ്രമിക്കവെ ഈ തിരിച്ചടി ബൗളിംഗ് കരുത്തിനെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. വെല്ലിംഗ്ടണ്‍ മത്സരത്തിനിടെ ഹെല്‍മറ്റില്‍ പന്തുകൊണ്ട് ടിക്നറെ പരിശോധിച്ചെങ്കിലും അദ്ദേഹത്തിന് മറ്റ് കണ്‍കഷന്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായിരുന്നു. മത്സരത്തിനിടെ അദ്ദേഹത്തിന് പകരം മാറ്റ് ഫിഷര്‍ ഇറങ്ങുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഐസിസിയുടെ നിര്‍ബന്ധിത 7 ദിവസത്തെ വിശ്രമ കാലയളവ് പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹത്തിനും കളിക്കാനാവില്ല.

പകരക്കാരനായി ബൗളിങ് ഓള്‍റൗണ്ടര്‍ ക്രിസ്റ്റ്യന്‍ ക്ലാര്ക്കിനെ ന്യൂസിലന്‍ഡ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാമില്‍ട്ടണില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിന് മുന്നോടിയായി യുവതാരം ടീമിനൊപ്പം ചേരും. അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ക്ലാര്ക്കിനെ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. വലതുകാലിലെ പേശികള്‍ക്കേറ്റ പരിക്കില്‍ നിന്ന് മുക്തി നേടുന്ന മാറ്റ് ഹെന്റിയുടെ തിരിച്ചുവരവും ആതിഥേയര്‍ നിരീക്ഷിക്കുന്നുണ്ട്. മൗണ്ട് മൗംഗനുയിയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ തിരിച്ചെത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. രണ്ടാം ട്വന്റി-20 ക്കിടെയാണ് ഹെന്റിക്ക് പരിക്കേറ്റത്. അതിനുശേഷം ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഡെവോണ്‍ കോണ്‍വേയുമായി കൂട്ടിയിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തിന് ശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു.

മൂന്നാം ഏകദിനത്തിന് ശേഷം മാറ്റ് ഹെന്റിയും കൈല്‍ ജാമിസണും വെല്ലിംഗ്ടണിലുള്ള ന്യൂസിലന്‍ഡിന്റെ ടെസ്റ്റ് ടീമിനൊപ്പം ചേരുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടുപേരും നാലാം ഏകദിനത്തിലും ഏകദിന സ്‌ക്വാഡിനൊപ്പം തന്നെ തുടരും. അവസാന രണ്ട് മത്സരങ്ങള്‍ക്കായി രണ്ട് കളിക്കാരെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിന് ശേഷം വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ഇതിനായി ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ്, നഥാന്‍ സ്മിത്ത് എന്നിവര്‍ വെല്ലിംഗ്ടണിലേക്ക് തിരിക്കും. ടെസ്റ്റ് ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂസിലന്‍ഡിന്റെ പരിക്ക് പേസ് ബൗളിംഗില്‍ മാത്രം ഒതുങ്ങുന്നതല്ല. കണ്‍കഷന്‍ മൂലം കോണ്‍വേ പരമ്പരയില്‍ നിന്ന് പുറത്തായപ്പോള്‍, തോളിനും പേശിക്കും പരിക്കേറ്റതിനെത്തുടര്‍ന്ന് രചിന്‍ രവീന്ദ്ര, മാര്‍ക്ക് ചാപ്മാന്‍ എന്നിവരും ലഭ്യമായിട്ടില്ല. ഇന്ത്യ 2-0 ന് മുന്നിട്ടുനില്‍ക്കുന്നതിനാല്‍, പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ആതിഥേയര്‍ക്ക് മൂന്നാം ഏകദിനത്തില്‍ വിജയം അനിവാര്യമാണ്.

മൂന്നാം ഏകദിനത്തിനുള്ള ന്യൂസിലന്‍ഡ് ടീം

മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, ക്രിസ്റ്റ്യന്‍ ക്ലാര്ക്ക്, ജേക്കബ് ഡഫി, മാറ്റ് ഫിഷര്‍, കൈല്‍ ജാമിസണ്‍, നിക്ക് കെല്ലി, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫെര്‍ട്ട്, നഥാന്‍ സ്മിത്ത്, വില്‍ യംഗ്.

നാലാം ഏകദിനത്തിനുള്ള ന്യൂസിലന്‍ഡ് ടീം

മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലെന്‍, മൈക്കല്‍ ബ്രേസ്വെല്‍, ക്രിസ്റ്റ്യന്‍ ക്ലാര്ക്ക്, ജേക്കബ് ഡഫി, മാറ്റ് ഫിഷര്‍, ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ്, മിച്ചല്‍ ഹേ, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, നിക്ക് കെല്ലി, ടിം സീഫെര്‍ട്ട്, വില്‍ യംഗ്.

content highlights: Major Blow for New Zealand: Key Pacers Lockie Ferguson & Blair Tickner Ruled Out of Remaining India ODIs

To advertise here,contact us