2018-ലെ സാന്ഡ്പേപ്പര് ഗേറ്റ് വിവാദത്തെക്കുറിച്ച് സഹതാരം ഉസ്മാന് ഖവാജ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകളെ പിന്തുണച്ച് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തി. സത്യം പുറത്തുവരേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ വാര്‍ണര്‍, പന്ത് ചുരണ്ടല്‍ സംഭവത്തില്‍ നടത്തിയ അന്വേഷണ രീതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ ഖവാജയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച വാര്‍ണര്‍, എട്ടു വര്‍ഷത്തിന് ശേഷം എന്തുകൊണ്ട് ഇത് വീണ്ടും ഉയര്‍ന്നുവന്നു എന്ന് ചോദ്യം ചെയ്യുന്നതിന് പകരം ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആളുകള്‍ ശ്രമിക്കേണ്ടതെന്ന് പറഞ്ഞു.
'ഈ വിഷയത്തില്‍ ഞാന്‍ സംസാരിച്ചിട്ട് എട്ട് വര്‍ഷമായി. ഉസ്മാന്, ഞാന്‍ നിനക്ക് പൂര്‍ണ്ണ പിന്തുണ നല്കുന്നു. നീ ചെയ്തതിന് നന്ദി. നീ പറഞ്ഞത് 100% കൃത്യവും സത്യവുമാണ്. ഇപ്പോള്‍ എല്ലാവര്ക്കും സത്യം അറിയാം, അത് പുറത്തുവന്നിട്ടുണ്ട്. ആളുകള്‍ക്ക് അത് അറിയണമായിരുന്നു, നീ അത് തുറന്നു പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്നത് 'എന്തുകൊണ്ട് എട്ടു വര്‍ഷത്തിന് ശേഷം?' എന്നാണ്. പുസ്തകം വില്ക്കാന് വേണ്ടിയാണ് ഇതൊക്കെ എന്ന് പറയുന്നവരോട്-ഇത് ഉസ്മാന്റെ കഥയാണ്. ഉസ്മാന് വിശ്വസിക്കുന്ന കാര്യങ്ങളാണ് ഇത്' -വാര്‍ണര്‍ പറഞ്ഞു.
2018-ലെ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് നടന്ന അന്വേഷണ പ്രക്രിയയെ ചോദ്യം ചെയ്ത വാര്‍ണര്‍, കേമറൂണ് ബാങ്ക്രോഫ്റ്റിന് തൊട്ടടുത്ത് ഉസ്മാന് ഖവാജ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ ചോദ്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാണിച്ചു. 'അന്ന് നടന്ന അന്വേഷണ പ്രക്രിയ തിടുക്കപ്പെട്ടതും പാളിച്ചകള്‍ നിറഞ്ഞതുമായിരുന്നു. ബാങ്ക്രോഫ്റ്റിന്റെ തൊട്ടടുത്താണ് ഉസ്മാന് ഇരുന്നിരുന്നത്, എന്നിട്ടും അദ്ദേഹത്തെ അഭിമുഖം നടത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. അതെങ്ങനെ ഒരു സമഗ്രമായ അന്വേഷണമാകും? ഇത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഞങ്ങള്‍ ഇവിടെ ആര്‍ക്കും നേരെ വിരല്‍ ചൂണ്ടാനോ പഴയ മുറിവുകള്‍ വീണ്ടും തുറക്കാനോ വന്നതല്ല. ഇത് ഉത്തരവാദിത്തത്തെയും സുതാര്യതയെയും കുറിച്ചാണ്, സത്യം ശരിയായ രീതിയില്‍ പരിശോധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ്. അതിനാല്‍ ഉത്തരവാദിത്തം ആവശ്യപ്പെടുന്ന വ്യക്തിയെ വിമര്‍ശിക്കുന്നത് നിര്‍ത്തി, അന്വേഷണത്തിന് ഉത്തരവാദികളായവരോട് മറുപടി ചോദിക്കാന്‍ ആളുകള്‍ തയ്യാറാകണം' -വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വിവാദം തന്റെ കുടുംബത്തിലുണ്ടാക്കിയ വ്യക്തിപരമായ ആഘാതത്തെക്കുറിച്ചും മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ സംസാരിച്ചു. സംഭവത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച തന്റെ മക്കളോട് അടുത്തിടെ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ആളുകള്‍ മാധ്യമങ്ങളിലൂടെ നടത്തിയ നിരവധി തെറ്റായ പ്രസ്താവനകളും യാഥാര്‍ത്ഥ്യവിരുദ്ധമായ കാര്യങ്ങളുമുണ്ട്, പലരും ഇക്കാലമത്രയും മൗനം പാലിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് മക്കളോട് സംസാരിക്കേണ്ടി വന്നു, അതുകൊണ്ടാണ് ഈ വീഡിയോ പങ്കുവെക്കാന്‍ രണ്ടു ദിവസം വൈകിയത്. കാരണം അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അവര്‍ക്ക് കൃത്യമായി പറഞ്ഞു കൊടുക്കേണ്ടിയിരുന്നു. പ്രത്യേകിച്ച് എന്റെ 12 വയസ്സുകാരി മകള്‍ ഐവി, അന്ന് ഞങ്ങള്‍ എന്തിനാണ് അവളെ കെട്ടിപ്പിടിച്ചതെന്നും, എന്തുകൊണ്ടാണ് ഇത്രയധികം ക്യാമറകള്‍ അവിടെയുണ്ടായിരുന്നതെന്നും, ഞങ്ങള്‍ ടിവിയില്‍ കരഞ്ഞത് എന്തിനാണെന്നും അറിയാന്‍ ആഗ്രഹിച്ചു' -വാര്‍ണര്‍ ഓര്‍ത്തെടുത്തു.
മക്കളുമായുള്ള ആ സംഭാഷണം വളരെ പ്രയാസകരമായിരുന്നുവെന്നും, എന്നാല്‍ സത്യം പറയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ക്ക് ഉപദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു: 'അത് പറയാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഞാന്‍ അവരോട് ഒരു കാര്യം പറഞ്ഞു: 'മക്കളേ, എപ്പോഴും സത്യം പറയുക, കാരണം കളവുകള്‍ ഒടുവില്‍ പുറത്തുവരും' അത് വളരെ കഠിനമായ ഒരു കാലഘട്ടമായിരുന്നു. ഇത് ഓസ്ട്രേലിയയിലെ എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. എല്ലാവരും ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണിത്. ഉസ്മാന്, നീ അത് ഉള്ളതുപോലെ പറഞ്ഞു. അത് 100% സത്യമാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റീവ് സ്മിത്തിന്റെയും കേമറൂണ് ബാങ്ക്രോഫ്റ്റിന്റെയും കുടുംബങ്ങളെപ്പോലെ തന്നെ തന്റെ കുടുംബവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്ന് സമ്മതിച്ച വാര്‍ണര്‍, ഖവാജയുടെ പ്രതികരണത്തെ ആവര്‍ത്തിച്ച് പിന്തുണച്ചു. 'എന്റെ കുടുംബത്തിനും സ്റ്റീവിനും കേമറൂണിനും ഇത് വളരെ പ്രയാസകരമായ സമയമായിരുന്നു എന്നതില്‍ സംശയമില്ല, എന്നാല്‍ ഈ സത്യം പുറത്തുവരേണ്ടതുണ്ടായിരുന്നു. ഞാന്‍ അതിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു, ഉസ്മാന്' -വാര്‍ണര്‍ പറഞ്ഞു നിര്‍ത്തി. ഇതുവരെ ക്രിക്കറ്റ് ഓസ്ട്രേലിയയും ബന്ധപ്പെട്ടവരും നിലനിര്‍ത്തിപ്പോന്ന വിവരം അനുസരിച്ച്, 2018-ലെ പന്ത് ചുരണ്ടല്‍ സംഭവത്തില്‍ സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കേമറൂണ് ബാങ്ക്രോഫ്റ്റ് എന്നിവര്‍ക്ക് മാത്രമായിരുന്നു പങ്കുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് സ്മിത്തിനും വാര്‍ണര്‍ക്കും അന്താരാഷ്ട്ര-ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് 12 മാസത്തെ വിലക്കും ബാങ്ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ലഭിച്ചിരുന്നു.
content highlights: 'This is 100% True': David Warner Backs Usman Khawaja’s Shocking Ball-Tampering Claims