2018ല്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിനിടെയുണ്ടായ പന്തുചുരണ്ടല്‍ വിവാദത്തില്‍ ഓസ്ട്രേലിയന്‍ ടീമിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ താരം ഉസ്മാന് ഖവാജ. വിവാദത്തില്‍ സ്റ്റീവൻ സ്മിത്ത് , ഡേവിഡ് വാര്‍ണർ, ബാന്‍ക്രോഫ്റ്റ് എന്നിവർക്ക് മാത്രമല്ല പങ്കെന്നും മുഴുവന്‍ ടീമംഗങ്ങള്‍ക്കും അറിയാമായിരുന്നെന്നും ഖവാജ പറഞ്ഞു.
തന്റെ ആത്മകഥയിലാണ് ഖവാജ കാര്യങ്ങൾ വെളിപ്പെടുത്തിയത്. 2018 മാര്‍ച്ചില്‍ കേപ് ടൗണില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍, സാന്ഡ്പേപ്പര് ഉപയോഗിച്ച് പന്തില്‍ രൂപമാറ്റം വരുത്തിയ 'സാന്‍ഡ്പേപ്പര്‍ഗേറ്റ്' വിവാദം, ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് വലിയ നാണക്കേടാണുണ്ടാക്കിയത്. പന്തുചുരണ്ടലിനെ കുറിച്ച് പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റിലും ഈ തന്ത്രം ഉപയോഗിച്ചിരുന്നെന്നുമാണ് ഖവാജയുടെ വെളിപ്പെടുത്തല്‍.
പന്തില്‍ കൃത്രിമം കാണിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബാറ്റര്മാരിലോ ബൗളര്‍മാരിലോ സപ്പോര്‍ട്ട് സ്റ്റാഫിലോ മാത്രം ഒതുങ്ങിനിന്നില്ലെന്നും, മറിച്ച് ടീം മുഴുവന്‍ ഇതുചര്‍ച്ച ചെയ്തതായാണ് മുന്‍ താരം പറയുന്നത്.
'സിഡ്നി മോര്‍ണിങ് ഹെറാള്‍ഡ്' പത്രത്തില്‍ പ്രസിദ്ധീകരിച്ച ആത്മകഥാ ഭാഗങ്ങളിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഖവാജയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തള്ളി. 'ഇതുവരെ ലഭിച്ച എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിച്ചിട്ടുണ്ട്. ഞങ്ങളുടെ അന്വേഷണ പ്രക്രിയയിലൂടെ കണ്ടെത്തിയ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും പൂര്‍ണ്ണ വിശ്വാസമുണ്ട്' ക്രിക്കറ്റ് ഓസ്ട്രേലിയ പത്രത്തിന് നല്കിയ പ്രതികരണത്തില്‍ പറഞ്ഞു.
content highlights: