ഇംഗ്ലീഷ് ഇതിഹാസ താരവും ഇംഗ്ലണ്ട് നായകനുമായ ജോ റൂട്ടിനെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന തന്റെ റെക്കോർഡിന് തൊട്ടരികിലെത്തി നിൽക്കുമ്പോഴായിരുന്നു പ്രശംസ.
ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർ റൂട്ടാണെന്നു വ്യക്തമാക്കിയ സച്ചിൻ 2012ൽ റൂട്ടിന്റെ അരങ്ങേറ്റ ടെസ്റ്റ് കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഉള്ളിലെ പ്രതിഭയെ തിരിച്ചറിയാൻ തനിക്ക് സാധിച്ചുവെന്നും വ്യക്തമാക്കി.
റെഡ്ഡിറ്റിലെ ആസ്ക് മി എനിതിങ്- സെഷനിലാണ് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം തന്റെ റെക്കോർഡ് മറികടക്കുന്നതിനെ കുറിച്ച് മനസ് തുറന്നത്.
'ഞാൻ എപ്പോഴും അദ്ദേഹത്തെ ഉയർന്ന രീതിയിലാണ് വിലയിരുത്തിയിട്ടുള്ളത്. ആദ്യ ടെസ്റ്റ് കളിക്കുന്നതു കണ്ടപ്പോൾ തന്നെ അദ്ദേഹം വലിയ ഉയരങ്ങളിൽ എത്തുമെന്നു എനിക്ക് വ്യക്തമായിരുന്നു'- സച്ചിൻ വ്യക്തമാക്കി.
2012 ഡിസംബറിൽ നാഗ്പുരിൽ ഇന്ത്യക്കെതിരെയാണ് റൂട്ട് ടെസ്റ്റിൽ അരങ്ങേറിയത്. ആ മത്സരം കളിച്ച ഇന്ത്യൻ ടീമിൽ സച്ചിനും അംഗമായിരുന്നു. ആദ്യ ഇന്നിങ്സിൽ 229 പന്തുകൾ നേരിട്ട് 73 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 20 റൺസും നേടി അരങ്ങേറ്റം റൂട്ട് അവിസ്മരണീയമാക്കി. മത്സരം സമനിലയിലാണ് അവസാനിച്ചത്.
സച്ചിനാണ് നിലവിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 200 ടെസ്റ്റുകളും 329 ഇന്നിങ്സുകളും കളിച്ച് 15,921 റൺസാണ് സച്ചിൻ നേടിയത്. ഈ റെക്കോർഡിൽ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. 169 ടെസ്റ്റുകളും 309 ഇന്നിങ്സുകളും കളിച്ച റൂട്ട് 14,643 റൺസ് നേടി.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡ് റൂട്ട് മറികടന്നിട്ടുണ്ട്. സച്ചിന് 68 അർധ സെഞ്ച്വറികളുണ്ട്. റൂട്ട് സെപ്റ്റംബറിൽ 69ാം അർധ സെഞ്ച്വറി നേടിയാണ് റെക്കോർഡ് സ്വന്തം പേരിലാക്കിയത്.
content highlights: Cricket legend Sachin Tendulkar praised Joe Root, revealing he foresaw Root's greatness right from his Test debut in Nagpur.
Tendulkar lauded the English batter's incredible consistency, temperament, and remarkable achievements in modern Test cricket.