ന്യൂസീലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇഷാന് കിഷന് ലഭ്യമായതോടെ വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. പരിക്കേറ്റ കളിക്കാര്‍ക്ക് പകരം വെയ്ക്കാനുള്ള ഒരു താല്‍ക്കാലിക താരം മാത്രമായി ഈ കൗമാര പ്രതിഭയെ കാണരുതെന്ന് അദ്ദേഹം വാദിച്ചു. പ്ലേയിങ് ഇലവനില്‍ സൂര്യവംശിക്ക് പതിവായി അവസരം നല്കാന് സാധിക്കുന്നില്ലെങ്കില്‍, കൂടുതല്‍ മത്സരപരിചയം നേടുന്നതിനും ക്രീസില്‍ സമയം ചിലവഴിക്കുന്നതിനുമായി താരത്തെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടക്കി അയക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇഷാന് കിഷന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ന്യൂസീലന്‍ഡിനെതിരായ രണ്ടും മൂന്നും ടി20 മത്സരങ്ങളില്‍ സൂര്യവംശി കളിച്ചത്. ഈ രണ്ട് ഇന്നിംഗ്സുകളിലായി 4, 45 എന്നിങ്ങനെ സ്കോര്‍ ചെയ്ത ശേഷമാണ് നാലാം മത്സരത്തിനുള്ള പ്ലേയിങ് ഇലവനില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് ആകാശ് ചോപ്ര വിമര്‍ശനമുന്നയിച്ചത്. 'കഴിഞ്ഞ മത്സരത്തില്‍ അഭിഷേക് സെഞ്ചുറിയടിച്ചു, വൈഭവിന് അര്‍ധ സെഞ്ചുറി നഷ്ടമായി. പക്ഷേ ബാറ്റിങ് വളരെ മികച്ചതായിരുന്നു. അതിനുശേഷമുള്ള പ്രധാന ചോദ്യം, ഇഷാന് ഫിറ്റായാല്‍ ആര് പുറത്തുപോകും എന്നതായിരുന്നു. തത്ത്വചിന്താപരമായി ചിന്തിച്ചാല്‍, പരിക്കേറ്റ കിഷന് പകരക്കാരനായി വന്നതിനാല്‍ വൈഭവ് സൂര്യവംശി പുറത്തുപോകണം എന്നതാണ് ഉത്തരം. എന്നാല്‍ ഇതൊരു ഡെഡ് റബ്ബര്‍ മത്സരമായിരുന്നു' -അദ്ദേഹം പറഞ്ഞു.
'വൈഭവ് സൂര്യവംശിയെ ഒഴിവാക്കാനുള്ള തീരുമാനം വലിയൊരു ചോദ്യത്തിലേക്ക് നയിക്കുന്നു. ആര്‍ക്കെങ്കിലും പരിക്കേല്ക്കുമ്പോള് മാത്രമാണോ നിങ്ങള്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത്? അതോ ആരെങ്കിലും ലഭ്യമാകാതിരിക്കുമ്പോള്‍ മാത്രമോ? അങ്ങനെയാണെങ്കില്‍, നിങ്ങള്‍ക്ക് അവനെ വീട്ടിലേക്ക് മടക്കി അയക്കാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാന്‍ അവനോട് ആവശ്യപ്പെടാം. തീര്‍ച്ചയായും, ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ നില്‍ക്കുന്നതിലൂടെ അവന് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് തുടരുകയാണെങ്കില്‍, അവന് ബാറ്റ് ചെയ്യാന്‍ മത്സരങ്ങള്‍ ലഭിക്കുക തന്നെ വേണം' -അദ്ദേഹം പറഞ്ഞു.
സൂര്യവംശിയെക്കുറിച്ചുള്ള തങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ടീം മാനേജ്മെന്റ് വ്യക്തത വരുത്തണമെന്ന് ചോപ്ര ആവശ്യപ്പെട്ടു. കൗമാരക്കാരനെ ഒഴിവാക്കിയതിലും ടീമില്‍ അവന്റെ പങ്കിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. 'ടീം മാനേജ്മെന്റ് മുന്നോട്ടുവന്ന് തങ്ങളുടെ റോഡ്മാപ്പും പ്ലാനുകളും വ്യക്തമാക്കണം. ഒരുപക്ഷേ അവര്‍ ഇതിനെക്കുറിച്ച് ചിന്തിക്കുകയും ഒരു പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ടാകാം. എന്നാല്‍ അവര്‍ അത് ആരോടും പറഞ്ഞിട്ടില്ല. വൈഭവ് സൂര്യവംശിയെ വെച്ച് അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നിലവില്‍ നമുക്കറിയില്ല. അവന്റെ അഭാവം കണ്ട് അല്‍പ്പം നിരാശ തോന്നി' -ആകാശ് ചോപ്ര പറഞ്ഞു. തിരിച്ചുവരവില്‍ 260 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇഷാന് കിഷന് റണ്ണൊന്നുമെടുക്കാതെപുറത്താവുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയെ 172/9 എന്ന നിലയില്‍ തടഞ്ഞ് ന്യൂസീലന്‍ഡ് വിജയം സ്വന്തമാക്കി.
മത്സരം ഇങ്ങനെ
ഓക്ക്ലന്‍ഡിലെ ഈഡന് പാര്‍ക്കില്‍ നടന്ന നാലാം ടി20യില്‍ 87 റണ്‍സിന്റെ ആധികാരിക വിജയം നേടുകയായിരുന്നു ന്യൂസീലന്‍ഡ്. പരമ്പരയിലെ ആദ്യ ജയമായിരുന്നു ഇത്. ഗ്ലെന്‍ ഫിലിപ്സിന്റെ സ്ഫോടനാത്മക സെഞ്ചുറിയുടെയും ജേക്കബ് ഡഫിയുടെ മികച്ച ബോളിംഗിന്റെയും കരുത്തിലാണ് കിവീസ് തിരിച്ചടിച്ചത്. തോല്‍വി വഴങ്ങിയെങ്കിലും അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1 ന് മുന്നിലാണ്.
ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ കാഴ്ചവെച്ചത്. ഗ്ലെന്‍ ഫിലിപ്സിന്റെയും മൈക്കല്‍ ബ്രേസ്വെല്ലിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ ന്യൂസീലന്‍ഡ് 20 ഓവറില്‍ 259/7 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യയ്ക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
49 പന്തില്‍ 6 ഫോറുകളും 10 സിക്സറുകളും അടക്കം 107 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സ് ആണ് കിവീസിന്റെ പ്രധാന ശില്പി. വെറും 25 പന്തില്‍ 10 ബൗണ്ടറികളോടെ (6 സിക്സറുകള്‍ ഉള്‍പ്പെടെ) 65 റണ്‍സ് അടിച്ചുകൂട്ടിയ മൈക്കല്‍ ബ്രേസ്വെല് ഫിലിപ്സിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് വെറും 40 പന്തില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഫിന് അല്ലെന് 31 റണ്‍സ് നേടി.
ഇന്ത്യക്കായി തിരിച്ചെത്തിയ മായങ്ക് യാദവ് 48 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, അര്‍ഷ്ദീപ് സിംഗ് തന്റെ അന്താരാഷ്ട്ര ടി20 കരിയറിലെ 150-ാം വിക്കറ്റ് നേട്ടം കൈവരിച്ചു. അപൂര്‍വ്വ വിജയലക്ഷ്യമായ 260 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. ഒന്നാം ഓവറില്‍ തന്നെ സഞ്ജു സാംസണിനെയും (4) പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ഇഷാന് കിഷനെയും (0) പുറത്താക്കി ജേക്കബ് ഡഫി ഇന്ത്യക്ക് കനത്ത തിരിച്ചടി നല്കി. ഇന്ത്യ ഒരു ഘട്ടത്തില്‍ 4/2 എന്ന നിലയിലേക്ക് വീണു.
തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (22), അഭിഷേക് ശര്‍മ (27), നിതീഷ് കുമാര്‍ റെഡ്ഡി (21), അക്സര്‍ പട്ടേല്‍ (7) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. നമന്‍ ധീര്‍ (28), തിലക് വര്‍മ (35) എന്നിവര്‍ പൊരുതിയെങ്കിലും 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ.
ന്യൂസീലന്‍ഡിനായി 4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മിച്ചല്‍ സാന്റ്നര്‍, മാത്യു ഫിഷര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. അന്താരാഷ്ട്ര ടി20 ചരിത്രത്തില്‍ ഇന്ത്യ നേരിടുന്ന രണ്ടാമത്തെ ഏറ്റവും വലിയ തോല്‍വിയാണിത്.
content highlights: 'Is He Played Only When Someone Else Gets Injured?' Aakash Chopra Questions Selection Policy