ഗുവാഹതി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര. 405 റൺസ് ചേസ് ചെയ്ത് വെസ്റ്റ് ഇൻഡീസിനെ തോൽപിച്ച ഇന്ത്യ കുറിച്ചത് ഏകദിന ചരിത്രത്തിലെ മറ്റൊരു റെക്കോർഡ്. ദക്ഷിണാഫ്രിക്കക്ക് പിന്നാലെ ഏകദിനത്തിൽ നാനൂറിലേറെ റൺസ് പിന്തുടർന്ന് ജയിച്ച രണ്ടാമത്തെ ടീമായി ശുഭ്മാൻ ഗില്ലും സംഘവും മാറി. ചരിത്ര ജയത്തിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ഏകദിനത്തിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയെന്ന നേട്ടവും സ്വന്തമായി. ഇഷാൻ കിഷന്റെ പേരിലുള്ള റെക്കോർഡാണ് തകർത്തത്. 117 പന്തിൽ 24 ഫോറും 7 സിക്സും സഹിതം 200 റൺസ് തികച്ച ഗിൽ പുറത്താകാതെ 223 റൺസ് നേടി. രോഹിത് ശർമക്ക് പിന്നാലെ ഏകദിനത്തിൽ ഒന്നിലേറെ ഇരട്ട സെഞ്ചുറി നേടിയ രണ്ടാമത്തെ താരമായും ഗിൽ മാറി.
ഓപ്പണർ രോഹിത് ശർമയും ഇന്ത്യയ്ക്കായി സെഞ്ചുറി നേടി. രോഹിത്- ഗിൽ കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ 255 റൺസ് ചേർത്തത്. ഇന്ത്യയുടെ ഏകദിന ഓപ്പണിങ് കൂട്ടുകെട്ട് റെക്കോർഡ് ഇവർക്ക് നഷ്ടമായത് 3 റൺസിനാണ്. സച്ചിൻ-ഗാംഗുലി സഖ്യത്തിന്റെ പേരിലാണ് നിലവിലെ റെക്കോർഡ്. ഗുവാഹതി ഏകദിനത്തിൽ പിറന്നത് ഒരു ഇരട്ട സെഞ്ചുറി അടക്കം 5 സെഞ്ചുറികളാണ്. ഒരു ഏകദിന മത്സരത്തിൽ അഞ്ച്കളിക്കാർ സെഞ്ചുറി അടിക്കുന്നത് ഇതാദ്യം.നേരത്തെ വിൻഡീസ് നായകൻ ഷായ് ഹോപ്പ്, ജോൺ കാംബെൽ, അമീർ ജാംഗൂ എന്നിവർക്കും സെഞ്ചുറി നേടിയിരുന്നു. കാര്യവട്ടം ഏകദിനം ജയിച്ച ഇന്ത്യ ഗുവാഹതി ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 405 റണ്‍സെടുത്തു. മൂന്ന് സെഞ്ചുറികള്‍ പിറന്ന വിന്‍ഡീസ് ബാറ്റിങ് ഇന്നിങ്സ് ക്രിക്കറ്റ് പ്രേമികള്‍ക്ക് വിരുന്നായി മാറിയിരുന്നു. ജോണ്‍ കാംബെല്‍ (101), ഷായ് ഹോപ് (104), അമിര്‍ ജാങ്കൂ (114) എന്നിവരാണ് സെഞ്ചുറി നേടിയത്. 68 പന്തിലാണ് കാംബെലിന്റെ വെടിക്കെട്ട് സെഞ്ചുറി നേട്ടം അവസാനിച്ചത്. ഇന്നിങ്സില്‍ അഞ്ച് സിക്സും ഒമ്പത് ഫോറും ഉണ്ടായിരുന്നു. 94 പന്തില്‍ മൂന്ന് സിക്സും എട്ട് സിക്സുകളുമായാണ് ഹോപ്പ് 104 റണ്‍സെടുത്തത്. 77 പന്തില്‍ മൂന്ന് സിക്സും 13 ഫോറുകളുമാണ് അമിര്‍ ജാങ്കൂയുടെ ഇന്നിങ്സിനെ മനോഹരമാക്കിയത്. 114 റണ്‍സിലെത്തിയ ജാങ്കൂവിന്റെ ഏകദിനത്തിലെ മികച്ച സ്കോറാണിത്. ഇന്ത്യയുടെ ഗുര്‍നൂര്‍ ബ്രാറും ആഖിബ് നബിയും രവീന്ദ്ര ജഡേജയും പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് യാദവുമെല്ലാം വിന്‍ഡീസ് ബാറ്റിങ് ചൂടറിഞ്ഞു. ബ്രാറും ജഡേജയും കുല്‍ദീപും രണ്ടുവിക്കറ്റ് വീഴ്ത്തി.
Content Highlights: India secured a record victory over West Indies in the second ODI to take control of the series