വിഘ്‌നേഷ് പുത്തൂര്‍ തിളങ്ങി, ഒമാനെ 66 റണ്‍സിന് തോല്പിച്ച് കേരളം

ഒമാനെതിരെ അഞ്ചുവിക്കറ്റോടെയാണ് വിഘ്‌നേഷ് പുത്തൂര്‍ കേരളത്തെ ജയിപ്പിച്ചത്

ഒമാനെതിരെ 66 റണ്‍സിന്റെ വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന്‍ 38.5 ഓവറില്‍ 150 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. വിഘ്‌നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഒമാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണര്‍മാരായ ഗോവിന്ദ് ദേവ് പൈയും കൃഷ്ണപ്രസാദും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31 റണ്‍സെടുത്ത കൃഷ്ണപ്രസാദ് റണ്ണൗട്ടാവുകയായിരുന്നു. മറുവശത്ത് ഉറച്ചുനിന്ന ഗോവിന്ദ് ദേവ് പൈ 75 റണ്‍സെടുത്തു. 77 പന്തുകളില്‍ പത്ത് ബൗണ്ടറികളും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ഗോവിന്ദിന്റെ ഇന്നിങ്‌സ്. എന്നാല്‍ ഗോവിന്ദ് പുറത്തായതിന് പിന്നാലെ തുടരെ മൂന്ന് വിക്കറ്റുകള്‍ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി.

അര്‍ജുന്‍ (12), അബ്ദുള്‍ ബാസിദ് (0), കാര്‍ത്തിക് ബി നായര്‍ (2) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ആറ് വിക്കറ്റിന് 150 റണ്‍സെന്ന നിലയിലായ കേരളത്തെ അഖില്‍ സ്‌കറിയയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് 216-ല്‍ എത്തിച്ചത്. അഖില്‍ 63 പന്തുകളില്‍ നിന്ന് 59 റണ്‍സുമായി പുറത്താകാതെ നിന്നു. ഒമാന് വേണ്ടി ഹസ്‌നെയ്ന്‍ അലി ഷാ നാലും അബ്ദുള്‍ ഖാന്‍ ഖാലിക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന് ഒരു ഘട്ടത്തിലും മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കേരളത്തിന്റെ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കി. എസ് കരണ്‍ (39), വിനായക് ശുക്ല (33), ജതീന്ദര്‍ സിങ് (28) എന്നിവര്‍ മാത്രമാണ് ഒമാന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 139 റണ്‍സെന്ന നിലയിലായിരുന്ന ഒമാന്‍ 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടാവുകയായിരുന്നു. 7.5 ഓവറില്‍ വെറും 37 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ വിഘ്‌നേഷ് പുത്തൂരാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. ബിജു നാരായണനും കാര്‍ത്തിക് ബി നായരും അഖില്‍ സ്‌കറിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

content highlights: Vighnesh Puthur Shines as Kerala Defeats Oman by 66 Runs

To advertise here,contact us