2026 ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ സെമി ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ചൊവ്വാഴ്ച ജപ്പാനിലെ നിഷിനില്‍ നേപ്പാളിനെതിരായ ശ്രീലങ്കയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണിത്. പ്രാദേശിക സമയം രാവിലെ 9 മണിക്ക് നിശ്ചയിച്ചിരുന്ന മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ മഴ പെയ്തിരുന്നതിനാലും ശമനമില്ലാതെ തുടര്‍ന്നതിനാലും ടോസിന് മുമ്പ് തന്നെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഐസിസി ടി20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലുള്ള മികച്ച സീഡിങ് പ്രയോജനപ്പെടുത്തി ശ്രീലങ്ക സെമി ഫൈനലിലേക്ക് യോഗ്യത നേടി. ശ്രീലങ്ക, ഇന്ത്യ, പാക്കിസ്താന്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റിലെ നാല് സീഡഡ് ടീമുകളായി പ്രവേശിച്ചത്.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം തിങ്കളാഴ്ച അഫ്ഗാനിസ്ഥാനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ നേരത്തെ തന്നെ സെമിയില്‍ ഇടം പിടിച്ചിരുന്നു. ഉയര്‍ന്ന സീഡിങ് കാരണമാണ് ഇന്ത്യയും മുന്നേറിയത്. ഹോങ്കോംഗിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മഴ കാരണം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സമാനമായ രീതിയില്‍ പാക്കിസ്താനും സെമിയിലെത്തി. 2022 ഏഷ്യന്‍ ഗെയിംസില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് ശ്രീലങ്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ ഫൈനല്‍ പ്രവേശനത്തിനായി അവര്‍ ഇന്ത്യയെ നേരിടും.
മറ്റൊരു സെമി ഫൈനലില്‍ ബംഗ്ലാദേശ് പാക്കിസ്താനെ നേരിടും. മലേഷ്യയ്ക്കെതിരായ ബംഗ്ലാദേശിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവും ചൊവ്വാഴ്ച പിന്നീട് മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ട് സെമി ഫൈനലുകളും ഒക്ടോബര്‍ 1-നാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ സെമിയില്‍ ബംഗ്ലാദേശ് പാക്കിസ്ഥാനെയും തുടര്‍ന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ശ്രീലങ്കയെയും നേരിടും. ഹാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ നേടിയ സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അന്ന് അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ മികച്ച റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. ഐച്ചി-നാഗോയയില്‍ നടക്കുന്ന ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇതിനകം തന്നെ തങ്ങളുടെ ഏഷ്യന്‍ ഗെയിംസ് കിരീടം നിലനിര്‍ത്തിയിട്ടുണ്ട്. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യന്‍ സംഘം ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തോല്‍പ്പിച്ചാണ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്.
content highlights: Asian Games: India to Face Sri Lanka in Men's Cricket Semi-Final