ബിഗ് ബാഷ് ലീഗ് സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് മൈക്ക് ബെയര്‍ഡ് ക്രിക്കറ്റ് ഓസ്ട്രേലിയ അധ്യക്ഷസ്ഥാനവും ഡയറക്ടര്‍ പദവിയും രാജിവെച്ചു. മുന്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് ബൂണ്‍ ഒക്ടോബര്‍ അവസാന വാരം നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ താത്കാലിക അധ്യക്ഷനായി ചുമതലയേല്‍ക്കും. ബിഗ് ബാഷ് ലീഗിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നീക്കത്തില്‍ സ്വന്തം സംസ്ഥാനത്തിന്റെ (ന്യൂ സൗത്ത് വെയില്‍സ്) പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് മുന്‍ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയറായ ബെയര്‍ഡ് വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ബോര്‍ഡിനെ അറിയിച്ചത്. 2025-ല്‍ സി.എ ബോര്‍ഡിലെത്തിയ ബൂണ്‍, പുതിയ സ്ഥിരം അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുവരെ താത്കാലിക ചുമതല വഹിക്കും.
2023 ഫെബ്രുവരി മുതല്‍ ബെയര്‍ഡ് സി.എ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ ബോര്‍ഡില്‍ ന്യൂ സൗത്ത് വെയില്‍സിന്റെ പ്രതിനിധിയായിരുന്ന അദ്ദേഹത്തിന് ഇനി മേലില്‍ പിന്തുണ നല്‍കില്ലെന്നും സ്വതന്ത്ര ബോര്‍ഡ് അംഗ സ്ഥാനത്തേക്ക് പിന്തുണയ്ക്കില്ലെന്നും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് അറിയിക്കുകയായിരുന്നു. 'ഏറെ ആലോചനകള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അധ്യക്ഷ, ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്ന് മാറാന്‍ ഞാന്‍ തീരുമാനിച്ചത്,' -ബെയര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. 'പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുവരെയുള്ള കാലയളവില്‍ താത്കാലിക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ഡേവിഡ് ബൂണ്‍ സമ്മതിച്ചതില്‍ സന്തോഷമുണ്ട്. വരും ആഴ്ചകളില്‍ ചുമതലകള്‍ കൈമാറുന്ന പ്രക്രിയ പൂര്‍ത്തിയാക്കും' -അദ്ദേഹം പറഞ്ഞു.
'ക്രിക്കറ്റ് ന്യൂ സൗത്ത് വെയില്‍സ് ബോര്‍ഡിലും കഴിഞ്ഞ ആറു വര്‍ഷമായി ക്രിക്കറ്റ് ഓസ്ട്രേലിയ ബോര്‍ഡിലും (ഇതില്‍ നാലു വര്‍ഷത്തോളം അധ്യക്ഷനായി) ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു' -പ്രസ്താവന കൂട്ടിച്ചേര്‍ത്തു. ബിഗ് ബാഷ് ലീഗിലെ ക്ലബ്ബുകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ അനുമതി നല്കുന്ന രീതിയില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബെയര്ഡും സി.എ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീന്ബര്ഗുമായിരുന്നു. എന്നാല്‍, സ്വകാര്യ നിക്ഷേപത്തിന് പകരം വരുമാനം കണ്ടെത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന് വാദിച്ച് ന്യൂ സൗത്ത് വെയില്‍സ് ഇതിനെ ശക്തമായി എതിര്‍ത്തു. ബിഗ് ബാഷ് ലീഗ് സ്വകാര്യവല്‍ക്കരണ പ്രക്രിയയ്ക്ക് ഈ മാസമാദ്യം സി.എ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ആദ്യ ക്ലബ്ബായ മെല്‍ബണ്‍ റെനഗേഡ്സിനെ ഈ വര്‍ഷം അവസാനത്തോടെ വിറ്റഴിക്കുമെന്നാണ് കരുതപ്പെടുന്നത്.
തന്റെ രാജി ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കില്ലെന്ന് ബെയര്‍ഡ് പറഞ്ഞു. 'ഈ വര്‍ഷം ക്രിക്കറ്റ് ഓസ്ട്രേലിയ റെക്കോര്‍ഡ് വരുമാനവും ലാഭവും ഗാലറിയിലെ കാണികളുടെ എണ്ണത്തിലും സംപ്രേക്ഷണത്തിലും വന്‍ വര്‍ധനവും കൈവരിക്കും. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കളിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധനവുണ്ടായി. ബിഗ് ബാഷ് ലീഗിലെ പുതിയ തീരുമാനങ്ങളോടെ ലീഗിന്റെ ദീര്‍ഘകാല നിലനില്‍പ്പ് ഉറപ്പായിക്കഴിഞ്ഞു'. 'ഓസ്ട്രേലിയന്‍ കളിക്കാര്‍ക്കും, പ്രത്യേകിച്ച് ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ച നായകന്മാരായ പാറ്റ് കമ്മിന്‍സ്, മിച്ച് മാര്‍ഷ്, അലീസ ഹീലി, സോഫി മോളിനക്സ് എന്നിവര്‍ക്കും നന്ദി അറിയിക്കുന്നു. അവര്‍ മൈതാനത്തെ പ്രകടനം കൊണ്ട് മാത്രമല്ല, വരും തലമുറയ്ക്ക് വ്യക്തിത്വം എന്തെന്ന് കാണിച്ചുകൊടുത്തും മാതൃകയായി' -അദ്ദേഹം പറഞ്ഞു. 'ഓസ്ട്രേലിയന്‍ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലാണ്. സി.ഇ.ഒ ടോഡ് ഗ്രീന്ബര്ഗിന് നന്ദി പറയുന്നു. രാജ്യത്തെ ഏറ്റവും മികച്ച സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റര്‍മാരില്‍ ഒരാളായ ടോഡ് വരുംതലമുറകള്‍ക്ക് ക്രിക്കറ്റിനെ വിജയകരമായി നയിക്കും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.സി.സി അധ്യക്ഷന്‍ ജയ് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബെയര്‍ഡ്, രാജിയോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലെ പദവിയും ഒഴിഞ്ഞു. ഓസ്ട്രേലിയക്കായി 107 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഡേവിഡ് ബൂണ്‍ മുമ്പ് ഐസിസി മാച്ച് റഫറിയായും 2000 മുതല്‍ 2011 വരെ ഓസ്ട്രേലിയന്‍ സെലക്ഷന് പാനല്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
'ക്രിക്കറ്റിന് ഏറെ ആവേശകരവും അതേസമയം വെല്ലുവിളികള്‍ നിറഞ്ഞതുമായ ഈ സമയത്ത് താത്കാലിക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ കഴിഞ്ഞത് വലിയ ബഹുമാനമായി കാണുന്നു,' ഡേവിഡ് ബൂണ്‍ പ്രതികരിച്ചു. 'മൈക്ക് ബെയര്‍ഡ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് നല്കിയ സംഭാവനകള്‍ക്ക് നന്ദി അറിയിക്കുന്നു. പ്രാദേശിക ക്ലബ്ബുകള്‍ മുതല്‍ സി.എ, ഐസിസി ബോര്‍ഡ് റൂമുകള്‍ വരെ ക്രിക്കറ്റിനായി അദ്ദേഹം എടുത്ത നിലപാടുകള്‍ അഭിനന്ദനാര്‍ഹമാണ്' -ഡേവിഡ് ബൂണ്‍ പറഞ്ഞു.
content highlights: Controversy Deepens in Aussie Cricket: Mike Baird Resigns as Cricket Australia Chair