ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കിടെ സഞ്ജു സാംസണിനെ ടീമില്‍ നിന്നും ഒഴിവാക്കിയ തീരുമാനം അതി കഠിനമായിരുന്നുവെന്ന് പരിശീലകന് ഗൗതം ഗംഭീര്‍.
സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയ ദിവസം രാത്രി മുഴുവന്‍ ഉറങ്ങിയിട്ടില്ലെന്ന് ഗംഭീർ പറഞ്ഞു. സഞ്ജുവിനെ ഒഴിവാക്കാനുള്ള തീരുമാനം പരിശീലന കാലയളവിലെ വ്യക്തിപരമായി ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിൽ ഒന്നാണെന്നും ഗംഭീര്‍ പറഞ്ഞു.
'രണ്ട് വർഷത്തെ പരിശീലന യാത്രയിൽ, ആ ഒരു രാത്രി മാത്രമാണ് എനിക്ക് ഉറങ്ങാൻ കഴിയാഞ്ഞത്. ഇക്കാര്യം സഞ്ജുവിനോടും പറഞ്ഞിട്ടുണ്ട്. കാരണം, ട്വന്റി20 ഫോർമാറ്റിലെ കോച്ചിംഗ് കാലയളവിലെ ഏറ്റവും കടുത്ത തീരുമാനം അതായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു' എന്നും ഗംഭീര്‍ പറഞ്ഞു.
ലോകകപ്പിൽ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ അർഹത നൽകുന്ന പ്രകടനങ്ങൾ നടത്തുകയും ചെയ്തയാളാണ് സഞ്ജു. എന്നാൽ രണ്ടുമൂന്ന് മത്സരങ്ങളിൽ തിളങ്ങാനാവാതെ പോയതും വൈഭവ് സൂര്യവംശി തകർപ്പൻ ഫോമിൽ എത്തിയതും ഒരേ സമയത്തായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.
ഇക്കാര്യം സഞ്ജുവുമായുള്ള സംസാരിച്ചെന്നും ഗംഭീര്‍. 'ഞാൻ സഞ്ജുവുമായി സംസാരിച്ചു. വൈഭവ് അത്രയും മികച്ച ഫോമിലായിരുന്നു. തുടക്കത്തിൽ തന്നെ റൺസ് നേടാൻ കഴിയുന്ന ഒരാളെ ടീമിന് ആവശ്യമായിരുന്നു. കൂടാതെ മധ്യനിരയിൽ അടിത്തറയും വേണ്ടിയിരുന്നു. സഞ്ജു അത് മനസിലാക്കുകയും അതിനോട് പൂർണമായും യോജിക്കുകയും ചെയ്തുവെന്നും ഗംഭീര്‍ പറഞ്ഞു.
content highlights: gautam gambhir opens up about sanju samson drop decision