ഇന്ത്യന്‍ ബാറ്റിങ് പ്രമുഖരായ രോഹിത് ശര്‍മയെയും വിരാട് കോഹ്ലിയെയും പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. വന്‍കിട ട്രോഫികള്‍ നേടിയതിലുള്ള അവരുടെ പരിചയസമ്പത്തും റെക്കോഡും അദ്ദേഹം എടുത്തുപറഞ്ഞു. ദക്ഷിണാഫ്രിക്കയിലും സിംബാബ്വെയിലുമായി നടക്കാനിരിക്കുന്ന 2027 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇവരുടെ സാന്നിധ്യം ടീമിന്റെ കിരീടസാധ്യത ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മേയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് 39-ഉം 37-ഉം വയസ്സുള്ള രോഹിതും വിരാടും നിലവില്‍ ഏകദിന മത്സരങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2024-ലെ ട്വന്റി-20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ഇരുവരും ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചിരുന്നു. 'നമുക്ക് നാട്ടില്‍ ഒരു 'റണ്‍ മെഷീന്' (വിരാട്) ഉണ്ട്, കൂടാതെ ഐപിഎല്ലിലും രാജ്യത്തിനായും നിരവധി ട്രോഫികള്‍ നേടിയ മികച്ചൊരു ക്യാപ്റ്റനുമുണ്ട് (രോഹിത്). രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും പ്രത്യേകം ആമുഖത്തിന്റെ ആവശ്യമില്ല, കാരണം ഞാന്‍ അവരോടൊപ്പം ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. വിരാട് മികച്ചൊരു കളിക്കാരനാണ്. ഇത്തവണ നമ്മള് ദക്ഷിണാഫ്രിക്കയിലും സിംബാബ്വെയിലുമാണ് ലോകകപ്പ് കളിക്കുന്നത്. ഇരുവരും ടീമിലുണ്ടാകുന്നത് ട്രോഫി നേടാന്‍ നമുക്ക് 90 ശതമാനം സാധ്യത നല്‍കുന്നുവെന്ന് ഞാന്‍ കരുതുന്നു' -റെയ്ന പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച റെയ്ന, അവരുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തെയും വളരുന്ന ആത്മവിശ്വാസത്തെയും ഫിറ്റ്നസിനെയും പ്രശംസിച്ചു. കളിക്കാരുടെ കഠിനാധ്വാനത്തെയും പ്രൊഫഷണല്‍ സമീപനത്തെയും അഭിനന്ദിച്ച അദ്ദേഹം, ടീം ആധിപത്യം തുടരുന്നതും പുരോഗമിക്കുന്നതും കാണുന്നത് ഏറെ പ്രോത്സാഹനജനകമാണെന്നും കൂട്ടിച്ചേര്‍ത്തു. 'ഇതൊരു വലിയ നേട്ടമാണ്, ഒന്നാമതായി മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. വര്‍ഷങ്ങളായി അവര്‍ മികച്ച രീതിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്. ലോകകപ്പ് വിജയിച്ചതിന് ശേഷം അവരുടെ ആത്മവിശ്വാസവും ഫിറ്റ്നസ് നിലവാരവും നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്, ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടി അത് തുടര്‍ന്നിരിക്കുന്നു' -അദ്ദേഹം പറഞ്ഞു.
'മെഡലുകള്‍ നേടിയ എല്ലാ താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഈ ഫലങ്ങള്‍ കൈവരിക്കുന്നതിനായി അവര്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, ടീം ആധിപത്യം പുലര്‍ത്തുന്നതും ഉയരങ്ങളിലേക്ക് കുതിക്കുന്നതും കാണുന്നത് അതിശയകരമാണ്. അവര്‍ വളരെ പ്രൊഫഷണലായ രീതിയിലാണ് കളിക്കുന്നത്, ഇത് കാണുന്നത് ശരിക്കും പ്രോത്സാഹനജനകമാണ്' -അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നടന്ന വനിതാ ട്വന്റി-20 ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം സ്വന്തമാക്കിയത്. ഈ വിജയം നിലവിലെ ഏഷ്യന്‍ ഗെയിംസ് പതിപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണവും സമ്മാനിച്ചു.
content highlights: Rohit Sharma and Virat Kohli Should Play in ODI World Cup: Suresh Raina