ജപ്പാനെതിരായ ചരിത്രപ്രധാനമായ ഏക ടി20 മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ബിസിസിഐയുടെ ഔദ്യോഗിക ജെഴ്സി അണിയുമെന്നും, ഏഷ്യന്‍ ഗെയിംസിലെ ബാക്കി മത്സരങ്ങള്‍ക്കുള്ള ഔദ്യോഗിക കിറ്റുകള്‍ ടീമിന് ലഭ്യമായിട്ടുണ്ടെന്നും കായിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 'ജപ്പാനെതിരായ മത്സരത്തില്‍ ടീം ഇന്ത്യ ബിസിസിഐ ജെഴ്സിയായിരിക്കും ധരിക്കുക. ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ക്കുള്ള ഏഷ്യന്‍ ഗെയിംസ് കിറ്റ് ടീമിന് ലഭിച്ചിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞു' -കായിക മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ഐച്ചി-നഗോയയിലാണ് 20-ാമത് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. 36 കായിക ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം, ഇത്തവണ സെപ്റ്റംബര്‍ 28-ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലോടെയാണ് തങ്ങളുടെ പോരാട്ടം ആരംഭിക്കുന്നത്. അതിന് മുമ്പ് ജപ്പാനെതിരായ മത്സരം ഒരു സൗഹൃദ മത്സരമാണെന്നും അത് ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമല്ലെന്നതിനാലാണ് ടീം സാധാരണ ബിസിസിഐ കിറ്റില്‍ കളിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
'ജപ്പാനെതിരായ മത്സരം ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമല്ലാത്ത ഒരു സൗഹൃദ മത്സരമാണ്. അതുകൊണ്ടാണ് അവര്‍ സാധാരണ കിറ്റില്‍ കളിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ക്കായി കിറ്റിന്റെ വലുപ്പവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയും പുതിയ കിറ്റുകള്‍ ടീമിന് നല്‍കുകയും ചെയ്തിട്ടുണ്ട്' -മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക കിറ്റുകളുടെ ലഭ്യതയെക്കുറിച്ചും അളവുകളെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കായിക മന്ത്രാലയം ഈ വ്യക്തത വരുത്തിയത്.
ഇന്ത്യ-ജപ്പാന് നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് 'മെന്‍ ഇന്‍ ബ്ലൂ' ജപ്പാനെതിരെ ടി20 അന്താരാഷ്ട്ര മത്സരം കളിക്കുന്നതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 'സുസുകി കപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഈമത്സരം സെപ്റ്റംബര്‍ 22-ന് തോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടക്കുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന് പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ രൂപീകരിച്ച 'സ്പോര്‍ട്ട് 75' എന്ന സംരംഭത്തിന്റെ ആദ്യപടിയാണ് ഈ മത്സരം. 2036-ലെ ഒളിമ്പിക്സിനും പാരലിമ്പിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍, കായിക മേഖലയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണവും ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ജപ്പാനില്‍ നടക്കുന്ന ഈ ചരിത്രപരമായ ടി20 മത്സരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കിയ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ജപ്പാനിലും കിഴക്കന്‍ ഏഷ്യയിലും ക്രിക്കറ്റിന് ജനപ്രീതി വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജപ്പാനെതിരായ ടി20 മത്സരത്തിനും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീംശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂര്‍, വിപ്രാജ് നിഗം.
content highlights: Asian Games Kit Controversy Resolved: Ministry Confirms Athletes Will Wear Official Jersey