'ഞെട്ടിക്കുന്ന തീരുമാനം'; വിഡീസിനെതിരായ ഇന്ത്യൻ ടീം സെലക്ഷനെ വിമർശിച്ച് ഹനുമ വിഹാരി

യുവ താരം നമൻ ധിറിനെ ടീമിലെടുത്തതാണ് വിഹാരിയെ ചൊടിപ്പിച്ചത്.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം സെലക്ഷനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. യുവ താരം നമൻ ധിറിനെ ടീമിലെടുത്തതാണ് വിഹാരിയെ ചൊടിപ്പിച്ചത്.

സെപ്റ്റംബർ 27 ഞായറാഴ്ച മുതൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലേക്ക് നമൻ ധിറിനെ ഉൾപ്പെടുത്തിയത് ഞെട്ടിക്കുന്ന തീരുമാനമാണെന്ന് സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ വിഹാരി വ്യക്തമാക്കി.

ഏഷ്യൻ ഗെയിംസും വെസ്റ്റ് ഇൻഡീസ് പരമ്പരയും ഒരേ സമയം നടക്കുന്നതിനാൽ ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. എന്നാൽ പഞ്ചാബ് ടി20 ലീഗിലെയും മുംബൈ ഇന്ത്യൻസിലെയും മികച്ച ചില പ്രകടനങ്ങൾ മാറ്റിനിർത്തിയാൽ, ആഭ്യന്തര ഏകദിന ക്രിക്കറ്റിൽ നമൻ ധിറിന് സ്ഥിരതയാർന്ന കണക്കുകളില്ലെന്ന് വിഹാരി ചൂണ്ടിക്കാട്ടി.

ടോപ്പ് ഓർഡറിൽ പന്തെറിയാൻ ആളില്ലാത്തത് മാത്രമാകാം ധീറിനെ ടീമിലെടുക്കാൻ കാരണം. ധിറിന് ഓഫ് സ്പിൻ എറിയാൻ കഴിയുമെന്നത് അനുകൂല ഘടകമായേക്കാം എന്നും വിഹാരി കൂട്ടിച്ചേർത്തു.

ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന് നാലാം നമ്പറിൽ അവസരം നൽകണമെന്നും വിഹാരി ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്ത് റുതുരാജ് സെഞ്ച്വറി നേടിയിട്ടുള്ള കാര്യം വിഹാരി ഓർമ്മിപ്പിച്ചു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവിനെയും വിഹാരി സ്വാഗതം ചെയ്തു.

content highlights: hanuma vihari questions naman dhir selection india vs west indies odi

To advertise here,contact us