ട്വന്റി-20 ക്രിക്കറ്റില്‍ 15,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററായി ജോസ് ബട്‌ലര്‍; ചരിത്രനേട്ടം

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കീറോണ്‍ പൊള്ളാര്‍ഡിനെ മറികടന്നാണ് ഇംഗ്ലീഷ് താരത്തിന്റെ റെക്കോഡ് നേട്ടം

ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കീറോണ്‍ പൊള്ളാര്‍ഡിനെ മറികടന്ന് ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും ബട്‌ലര്‍ ഇതോടെ സ്വന്തമാക്കി. വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരെ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിനിടയിലാണ് ഇംഗ്ലീഷ് താരം ഈ ചരിത്രനേട്ടം കൈവരിച്ചത്.

528 മത്സരങ്ങളില്‍ നിന്നാണ് ബട്‌ലര്‍ 15,000 റണ്‍സ് തികച്ചത്. 35.46 ശരാശരിയിലും 147.46 സ്‌ട്രൈക്ക് റേറ്റിലുമാണ് ബട്‌ലറുടെ മുന്നേറ്റം. ട്വന്റി-20 കരിയറില്‍ 9 സെഞ്ചുറികളും 107 അര്‍ധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിന് പുറമെ ലങ്കാഷയര്‍, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, സോമര്‍സെറ്റ്, പാര്‍ള്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, സിഡ്‌നി തണ്ടര്‍, കുമില്ല വിക്ടോറിയന്‍സ്, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ്, മെല്‍ബണ്‍ റെനഗേഡ്‌സ്, ഇംഗ്ലണ്ട് ലയണ്‍സ് തുടങ്ങിയ വിവിധ ഫ്രാഞ്ചൈസികള്‍ക്കായാണ് താരം കളത്തിലിറങ്ങിയിട്ടുള്ളത്.

754 മത്സരങ്ങളില്‍ നിന്ന് 31.71 ശരാശരിയില്‍ 14,999 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡാണ് ബട്‌ലര്‍ തിരുത്തിയെഴുതിയത്. ശ്രീലങ്കയ്‌ക്കെതിരായ റണ്‍ ചേസില്‍, ഇഷാന്‍ മലിംഗ എറിഞ്ഞ അഞ്ചാം ഓവറിലാണ് സിംഗിള്‍ നേടി ബട്‌ലര്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.

മത്സരത്തില്‍ ഇംഗ്ലണ്ട് 6 വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 20 ഓവറില്‍ 145/9 എന്ന നിലയില്‍ തടഞ്ഞുനിര്‍ത്തിയ ഇംഗ്ലണ്ട്, 12.1 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു (146/4). ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കി. ശ്രീലങ്കയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ 14-ാം ട്വന്റി-20 ജയമാണിത്. 3 വിക്കറ്റുകള്‍ വീഴ്ത്തിയ ഡാവ്‌സണ്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.

content highlights: Jos Buttler Becomes First Batter to Reach 15,000 T20 Runs

To advertise here,contact us