അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി 20 യിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി റെക്കോർഡിട്ടതിന് പിന്നാലെയുള്ള ആഘോഷത്തെ കുറിച്ച് വെളിപ്പെടുത്തി അഭിഷേക് ശർമ.
നോർവേയുടെ ഫുട്ബോൾ താരം എർലിങ് ഹാളണ്ടിന്റെ ആഘോഷം താൻ അനുകരിച്ചതല്ലെന്നും മെഡിറ്റേഷന് തന്റെ കരിയറിലുള്ള പങ്കിനെ കുറിച്ച് ഓർമപ്പെടുത്തിയതാണെന്നും അഭിഷേക് ശർമ മത്സരശേഷം വ്യക്തമാക്കി. മെഡിറ്റേറഷന്റെ പ്രധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവും അതിന് പിന്നിലുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിക്കറ്റ് കളിക്കുമ്പോഴുള്ള സമ്മർദ്ദത്തെ ചെറുക്കുന്നതിനായി കഴിഞ്ഞ ഒരു വർഷമായി മെഡിറ്റേഷൻ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് അഭിഷേക് പറയുന്നു. 'അതുപോലെയുള്ള സാഹചര്യങ്ങളിൽ നിങ്ങളുടെ മനസ്സ് എങ്ങനെ സ്ഥിരതയോടെ നിലനിർത്തും? മെഡിറ്റേഷൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങൾ മെഡിറ്റേഷനെ കുറിച്ച് മനസിലാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് തന്നെയാണ് ഞാൻ അങ്ങനെ ആഘോഷിച്ചത്.'-അഭിഷേക് വ്യക്തമാക്കി.
മത്സരത്തിൽ 30 പന്തിലാണ് അഭിഷേക് സെഞ്ച്വറിയിലെത്തിയത്. ഇതോടെ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിൽ രോഹിത് ശർമയെ മറികടക്കുകയും ചെയ്തു. 2017 ശ്രീലങ്കയ്ക്കെതിരെ 35 പന്തിലാണ് രോഹിത് സെഞ്ച്വറി നേടിയത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയതും അഭിഷേകാണ്.
content highlights: abhishek sharma reveals reason behind haaland style meditation celebration