മലയാളി താരം സഞ്ജു സാംസണിന് പുതിയ ഉപദേശവുമായി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. സഞ്ജുവിന് സ്ഥിരതയില്ല എന്ന വിമർശനം വ്യാപകമായി ഉയരുന്നതിനിടെയാണ് ഉപദേശം.
ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ച വെച്ച സഞ്ജു ശേഷം നാലോളം മത്സരങ്ങളിൽ തിളങ്ങാനാവാതെ വിഷമിച്ചിരുന്നു. ശേഷം അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിൽ 22 പന്തിൽ 57 റൺസുമായി മിന്നുന്ന കംബാക്ക് നടത്തി. ഇതിന് ശേഷമാണ് ഗവാസ്കറിന്റെ പ്രതികരണം.
തുടർച്ചയായി റൺസ് കണ്ടെത്താനും ടീമിൽ സ്ഥാനം ഉറപ്പിക്കാനും സഞ്ജു ബാറ്റിങ്ങിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചാണ് മുൻ ഇന്ത്യൻ നായകൻ വ്യക്തമാക്കിയത്.
ക്രീസിലെത്തിയ ഉടൻ ആക്രമിച്ചു കളിക്കാൻ തുനിയാതെ, തുടക്കത്തിൽ അൽപ്പം സമയം കണ്ടെത്തി സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം കളി കൈയിലെടുക്കുന്ന ശൈലിയാണ് സഞ്ജുവിന് അനുയോജ്യമെന്ന് ഗവാസ്കർ പറഞ്ഞു.
ടി20യിൽ ഓപ്പണർമാർക്കാണ് കൂടുതൽ പന്തുകൾ നേരിടാൻ അവസരം ലഭിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കണ്ടതുപോലെ, ആദ്യം പിച്ചിന്റെ സ്വഭാവം മനസിലാക്കി നിലയുറപ്പിച്ച ശേഷമാണ് സഞ്ജു വലിയ ഷോട്ടുകളിലേക്ക് കടന്നത്. ഈ രീതി തുടരുകയാണെങ്കിൽ സഞ്ജുവിന് ഒരിക്കലും പരാജയപ്പെടേണ്ടി വരില്ല. എല്ലാ മത്സരങ്ങളിലും 50-ഉം 60-ഉം റൺസ് വീതം നേടി സ്ഥിരത പുലർത്താൻ അദ്ദേഹത്തിന് സാധിക്കുമെന്നും സുനിൽ ഗവാസ്കർ പറഞ്ഞു.
content highlights: sunil gavaskar advice to sanju samson on consistency ind vs afg