ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കം

ടീമുകള്‍ 23ന് തിരുവനന്തപുരത്തെത്തും, ടിക്കറ്റുകള്‍ 650 രൂപ മുതല്‍

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റ് ജീനി (Ticketgenie.in) എന്ന പ്ലാറ്റ്‌ഫോമിലൂടെ കാണികള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഫിനസ് ഗ്രൂപ്പ് എം.ഡിയും കെസിഎല്‍ ചാമ്പ്യന്മാരായ തൃശൂര്‍ ടൈറ്റന്‍സ് ടീം ഉടമയുമായ സജാദ് സേഠിന് ടിക്കറ്റ് കൈമാറി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായര്‍, സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഗാലറി ടിക്കറ്റുകള്‍ക്ക് 650 രൂപയാണ് നിരക്ക്. പവലിയന്‍ ടിക്കറ്റിന് 1250 രൂപയും, പവലിയന്‍ എ, ജെ എന്നിവയ്ക്ക് യഥാക്രമം 1800 രൂപയും 2000 രൂപയുമാണ് വില. എലൈറ്റ് പവലിയന്‍ ടിക്കറ്റുകള്‍ക്ക് 2500 രൂപയും കെസിഎ ബോക്‌സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് 5000 രൂപയുമാണ് നിരക്ക്. മൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമാണ്.

ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് കെസിഎ അഭ്യര്‍ത്ഥിച്ചു. ഒരാള്‍ക്ക് പരമാവധി ആറ് ടിക്കറ്റുകള്‍ വാങ്ങാം. ടിക്കറ്റ് സംബന്ധമായ സഹായത്തിനും കാണികളുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനുമായി ബോക്‌സ് ഓഫീസും പ്രത്യേക ഹെല്‍പ് ഡെസ്‌കും സജ്ജീകരിക്കും. ഇവയുടെ സ്ഥലം, പ്രവര്‍ത്തന സമയം തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കെസിഎ വ്യക്തമാക്കി. സെപ്റ്റംബര്‍ 23-ന് വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യന്‍ ടീമുകള്‍ തിരുവനന്തപുരത്ത് എത്തും. 24, 25 തീയതികളില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 4:30 വരെ വെസ്റ്റ് ഇന്‍ഡീസ് ടീമും, വൈകുന്നേരം 5:30 മുതല്‍ രാത്രി 8:30 വരെ ഇന്ത്യന്‍ ടീമും തിരുവനന്തപുരത്ത് പരിശീലനം നടത്തും. 26-ന് ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 4:30 വരെ ഇന്ത്യന്‍ ടീമും, വൈകുന്നേരം 5:30 മുതല്‍ രാത്രി 8:30 വരെ വെസ്റ്റ് ഇന്‍ഡീസ് ടീമുമായിരിക്കും പരിശീലനത്തിന് ഇറങ്ങുക. 27ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യ ഏകദിന മത്സരത്തിന് തുടക്കമാകും. തിരുവനന്തപുരത്തെ ആദ്യ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 30-ന് ഗുവാഹത്തിയിലെ ബര്‍സപര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ഏകദിനം നടക്കുന്നത്. മൂന്നാം മത്സരം ഒക്ടോബര്‍ 3-ന് മൊഹാലി പി.സി.എ സ്റ്റേഡിയത്തില്‍ നടക്കും.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിന് നടന്ന സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമാണ് ഏറ്റുമുട്ടിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിന്‍ഡീസ് ടീം വീണ്ടും തലസ്ഥാനത്ത് എത്തുന്നത്. 2023 ജനുവരിയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഇവിടെ നടന്ന രണ്ടാമത്തെ ഏകദിനം. അന്ന് വിരാട് കോഹ്ലി പുറത്താകാതെ നേടിയ 166 റണ്‍സിന്റെ മികവില്‍ ഇന്ത്യ 390 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 73 റണ്‍സിന് പുറത്താക്കി 317 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് 300 രൂപസ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര മത്സരം നേരില്‍ കാണുവാന്‍ ടിക്കറ്റ് നിരക്കില്‍ കെസിഎ ഇളവ് പ്രഖ്യാപിച്ചു. എന്റര്‍ടെയ്ന്‍മെന്റ് ടാക്‌സ് ഉള്‍പ്പെടെ 300 രൂപയാണ് നിരക്ക്. ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കണ്‍സെഷന്‍ നടപടിക്രമങ്ങളും അസോസിയേഷന്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകള്‍ ആവശ്യമുള്ള സ്ഥാപനങ്ങള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റര്‍ഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ഥികളുടെ മുഴുവന്‍ പേരും സ്‌കൂള്‍/കോളേജ് ഐഡി കാര്‍ഡ് നമ്പറും സമര്‍പ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് കുറഞ്ഞത് പത്ത് വിദ്യാര്‍ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. പതിനഞ്ച് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു അധ്യാപകന്‍ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകന്‍ എന്ന ക്രമത്തില്‍ 300 രൂപ ടിക്കറ്റില്‍ അധ്യാപകര്‍ക്കും പ്രവേശനം അനുവദിക്കും. അപേക്ഷകള്‍ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്ഥാപനത്തെ അറിയിക്കും. തുടര്‍ന്ന് നിശ്ചിത തുക അടച്ച് വിവരങ്ങള്‍ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ടിക്കറ്റുകള്‍ അനുവദിക്കുകയുള്ളൂ. അപൂര്‍ണ്ണമായതോ മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആയ അപേക്ഷകള്‍ പരിഗണിക്കില്ലെന്നും കെ.സി.എ അറിയിച്ചു.

കാണികള്‍ക്ക് സൗജന്യ കുടിവെള്ളംസ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്ക് ആവശ്യത്തിന് സൗജന്യ കുടിവെള്ളം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരം വീക്ഷിക്കാനായി പ്രതീക്ഷിക്കുന്നത് 35,000 കാണികളെയാണ്. ഇവര്‍ക്കായി ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വെള്ളമെന്ന നിലയില്‍ 105000 ലിറ്റര്‍ കുടിവെള്ളം സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിക്കും. കൂടാതെ, 21,000 ലിറ്റര്‍ അധിക ബഫര്‍ സ്റ്റോക്കും സജ്ജമാക്കും. ഇതിനു പുറമെ യു.വി ഫില്‍റ്റേഡ് വാട്ടറും പവലിയനുകളില്‍ ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യ കുടിവെള്ള സംവിധാനങ്ങള്‍ക്ക് പുറമെ പ്രത്യേക വാട്ടര്‍ സെയില്‍ കൗണ്ടറുകളും അംഗീകൃത ഫുഡ് സ്റ്റാളുകളിലും കുടിവെള്ളം വാങ്ങുന്നതിനുള്ള സൗകര്യമുണ്ടാകും. കൂടാതെ, മെഡിക്കല്‍ സഹായം, അടിയന്തര സേവനങ്ങള്‍, സുരക്ഷ, പ്രവേശന-പുറത്തിറക്കല്‍ ക്രമീകരണങ്ങള്‍, വ്യക്തമായ ദിശാസൂചനകള്‍, കാണികളുടെ സഞ്ചാരം എന്നിവയ്ക്കും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കെസിഎ അറിയിച്ചു.

ടിക്കറ്റില്‍ അറിയാം പാര്‍ക്കിങ് വിവരങ്ങള്‍മത്സരദിവസം സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്ക് വാഹന പാര്‍ക്കിങ് സുഗമമാക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റില്‍ തന്നെ പാര്‍ക്കിങ് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക ലിങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കാണികള്‍ക്കായി അനുവദിച്ചിട്ടുള്ള വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കാനാകും. ഇതുവഴി സ്റ്റേഡിയത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പുതന്നെ അനുയോജ്യമായ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ മനസ്സിലാക്കി യാത്ര ആസൂത്രണം ചെയ്യാന്‍ കാണികള്‍ക്ക് സാധിക്കും. പ്രവേശന കവാടങ്ങള്‍, സ്റ്റാന്‍ഡുകള്‍, പാര്‍ക്കിങ്, ഗതാഗത നിയന്ത്രണം, കാണികളുടെ സഞ്ചാരം തുടങ്ങിയവ സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ മത്സരത്തിന് മുന്‍പായി കെസിഎയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയും അറിയിക്കും.

ഒരുക്കങ്ങള്‍ വിലയിരുത്തിമത്സരത്തിന് മുന്നോടിയായി കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് കുമാര്‍ കെസിഎ അധികൃതരുമായി കൂടിക്കാഴ്ച നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍, അപ്പക്‌സ് കൗണ്‍സില്‍ അംഗം നൗഫല്‍ എന്നിവരുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. സ്റ്റേഡിയത്തില്‍ എത്തുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത വിധത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍, കുടിവെള്ള വിതരണം, വിപുലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നതായി കെസിഎ ഭാരവാഹികള്‍ മന്ത്രിയെ അറിയിച്ചു.

content highlights: Ticket Sales Begin for India vs West Indies 1st ODI Match

To advertise here,contact us