ഐപിഎല്‍ സീസണുകളിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യൻ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ലെന്ന് സീനിയര്‍ പേസർ ഭുവനേശ്വർ കുമാർ.
2022 നവംബറിലാണ് ഭുവനേശ്വർ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. അതിനുശേഷം ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും ഐ പി എല്ലിൽ ആർ സി ബിക്ക് വേണ്ടി തിളങ്ങാൻ ഭുവിക്ക് കഴിഞ്ഞിരുന്നു. ഇതോടെ ദേശീയ ടീമിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നവുമെന്നും എന്നാൽ നിരാശയായിരുന്നു ഫലമെന്നും ഭുവി പറഞ്ഞു.
അവസാനമായി കളിച്ച ശേഷം അടുത്ത ചില പരമ്പരകളിൽ വീണ്ടും അവസരം ലഭിക്കുമെന്ന് കരുതിയിരുന്നു. ടീം മാനേജ്മെന്റ് നൽകിയ സൂചനകളും അങ്ങനെയായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിയെന്ന് മനസിലായി. അതിൽ വിഷമം തോന്നിയെങ്കിലും അത് അംഗീകരിക്കാൻ ഞാൻ തയ്യാറായി, ഭുവി കൂട്ടിച്ചേർത്തു.
തന്റെ കരിയറിൽ ഏറ്റവും വലിയ നിരാശ സമ്മാനിച്ചത് 2019 ലെ ഏകദിന ലോകകപ്പ് സെമിഫൈനലിലെ തോൽവിയാണെന്നും ജതിൻ സപ്രുവിന്റെ യൂട്യൂബ് ചാറ്റ് ഷോയിൽ സംസാരിക്കവെ ഭുവി വെളിപ്പെടുത്തി.
2022 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായപ്പോൾ തന്നെ ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നതായും ഒരു വലിയ ടൂർണമെന്റ് തോൽക്കുമ്പോൾ സെലക്ടർമാർ യുവതാരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണെന്നും ഭുവി പറഞ്ഞു.
content highlights: bhuvneshwar kumar opens up on team india comeback chances