'നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ല എന്നത് പണ്ടേയുള്ള നിലപാട്'; പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം

ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാത്തതിൽ പ്രതികരണവുമായി ഇന്ത്യൻ ടീം

ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാത്തതിൽ പ്രതികരണവുമായി ഇന്ത്യൻ ടീം. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ല എന്നത് ബിസിസിഐയുടെ നിലപാടാണെന്നും ട്രോഫിയുണ്ടോ ഇല്ലയോ എന്നത് തങ്ങൾക്ക് പ്രശ്‌നമല്ലെന്നും ഇന്ത്യയുടെ സഹ പരിശീലകൻ അമോൽ മജുംദാർ വ്യക്തമാക്കി.

'ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാരാണ്. ട്രോഫിയുണ്ടോ ഇല്ലയോ എന്നത് ഞങ്ങൾക്ക് പ്രശ്‌നമല്ല. നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ല എന്നത് ബിസിസിഐയുടെ നിലപാടാണ്. ഇതിൽ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയില്ല'- മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ അമോൽ മജുംദാർ പറഞ്ഞു.

ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ തങ്ങളുടെ എട്ടാം ഏഷ്യാ കപ്പ് കിരീടം നേടിയത്. മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ നേരത്തെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ നഖ്‌വി തന്നെ സമ്മാനദാന ചടങ്ങിൽ അതിഥിയായെത്തുകയായിരുന്നു. ഇതോടെ ഇന്ത്യൻ ടീം സമ്മാനദാന ചടങ്ങിനായി ഗ്രൗണ്ടിലെത്താതെ വിട്ടുനിന്നു.

കഴിഞ്ഞ വർഷം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള പുരുഷ ടീമും ട്രോഫി സ്വീകരിച്ചിരുന്നില്ല. അന്നും നഖ്‌വിയാണ് ട്രോഫി നൽകാനെത്തിയത്. അന്ന് മുതൽ എസിസി ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഏഷ്യ കപ്പ് ട്രോഫി ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ചിട്ടില്ല.

content highlights: indian cricket team clarifies stand on refusing trophy from mohsin naqvi

To advertise here,contact us