ശ്രീലങ്കയ്‌ക്കെതിരെയുള്ള ഒന്നാം ടെസ്റ്റ് ഇന്ത്യ ജയിക്കുമോ?; ആശങ്കയായി കാലാവസ്ഥ പ്രവചനം!

മൂന്നാം ദിനം ശ്രീലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ ഗാലെയില്‍ മഴ പെയ്തിരുന്നു

ഇന്ത്യ- ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാലാം ദിനത്തിലേക്ക് കടക്കുകയാണ്. മത്സരത്തിൽ ഇന്ത്യയ്ക്ക് മുൻതൂക്കമുണ്ടെങ്കിലും മഴ ഭീഷണിയാണ്.

ആദ്യ മൂന്ന് ദിനങ്ങളിലും മഴ പലവട്ടം വില്ലനായ മത്സരത്തിന്‍റെ നാലാം ദിനവും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതുവരെ അഞ്ചോളം സെഷൻ മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

മൂന്നാം ദിനം ശ്രീലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ ഗാലെയില്‍ മഴ പെയ്തിരുന്നു. തുടർന്ന് ഗ്രൗണ്ട് ജീവനക്കാർക്ക് ഔട്ട്ഫീൽഡ് പൂർണ്ണമായും കവർ ചെയ്തു. മത്സരത്തിൽ 178 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് നേടിയെങ്കിലും വിജയം സ്വന്തമാക്കണമെങ്കിൽ ഇന്ത്യക്ക് വലിയ വിജയ ലക്ഷ്യം മുന്നോട്ടുവെച്ചാൽ മാത്രം പോര. ശ്രീലങ്കയുടെ പ്രതികൂല കാലാവസ്ഥയെക്കൂടി മറികടക്കേണ്ടി വരും.

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഗാലെയിൽ മഴ പെയ്യാൻ 56 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ ഇത് 20 ശതമാനമായി കുറയും. ഈ സമയമാകും ഇന്ത്യയ്ക്ക് ആശ്വാസം.

ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 284 റൺസിന് അവസാനിപ്പിച്ചാണ് ഇന്ത്യ 178 റൺസിന്‍റെ നിർണായക ലീഡ് സ്വന്തമാക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാറിന്‍റെയും മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെയും മികവിലാണ് ഇന്ത്യൻ ബൗളിങ് നിര ലങ്കയെ ചെറുത്തത്‌.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നിലവിൽ 29 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടിയിട്ടുണ്ട്. യശ്വസി ജയ്‌സ്വാൾ (0 ), ശുഭ്മാൻ ഗിൽ (8 ), ദേവ്ദത്ത് പടിക്കൽ (44 ), കെ എൽ രാഹുൽ (35 ) എന്നിവരാണ് പുറത്തായത്. 21 റൺസുമായി റിഷഭ് പന്തും 5 റൺസുമായി ധ്രുവ് ജുറലുമാണ് ക്രീസിൽ.

content highlights:india vs-sri lanka 1st 4th day test galle weather forecast rain threat update

To advertise here,contact us