'സമ്മർദ്ദമൊന്നുമില്ല,കംബാക്കിന് പിന്നിൽ ഗില്ലും ഗംഭീറും'; അർധ സെഞ്ച്വറിക്ക് പിന്നാലെ ജുറൽ

ആദ്യ ഇന്നിങ്സിൽ അർധ സെഞ്ച്വറി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് ഇന്ത്യൻ താരം ധ്രുവ് ജുറല്‍

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അർധ സെഞ്ച്വറി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് ഇന്ത്യൻ താരം ധ്രുവ് ജുറല്‍. താന്‍ ഒരിക്കലും ഒരു സമ്മര്‍ദ്ദത്തിലും അകപ്പെട്ടിട്ടില്ലെന്നും മോശം കാലത്ത് പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും നൽകിയ പിന്തുണയാണ് തുണയായത് എന്നും പറഞ്ഞു.

'സത്യം പറഞ്ഞാല്‍, യാതൊരു സമ്മര്‍ദ്ദവും എനിക്കുണ്ടായിരുന്നില്ല. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം നന്ദിയുള്ളവനായിരിക്കും. ടീമിനെ വിജയിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ കളിക്കുന്നത്' മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ജുറല്‍ പറഞ്ഞു.

'ഞാന്‍ ക്യാപ്റ്റനോടോ മുഖ്യ പരിശീലകനോടോ സംസാരിക്കുമ്പോഴൊക്കെ, എന്താണ് ചെയ്യേണ്ടതെന്നും സാഹചര്യങ്ങള്‍ എന്താണെന്നും അവര്‍ എനിക്ക് കൃത്യമായി പറഞ്ഞുതരാറുണ്ട്. അതുകൊണ്ട് സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ അവര്‍ എന്നോട് നിര്‍ദ്ദേശിച്ചു. ബാറ്റിങ്ങിന് ഇറങ്ങും മുമ്പ് വ്യക്തിഗത നാഴികക്കല്ലുകളൊന്നും നോക്കാറില്ല. ടീമിന് എന്താണോ ആവശ്യം അത് ചെയ്യും' അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിന്റെ രണ്ടാം ദിവസം 68 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത ജുറല്‍, ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സിൽ 462 റൺസ് എന്ന മികച്ച സ്കോർ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. തുടര്‍ച്ചയായി ഏഴ് ഇന്നിങ്‌സുകളില്‍ അര്‍ദ്ധശതകം നേടാനാകാതെ നിന്നതിന് ശേഷമാണ് താരത്തിന്റെ ഈ തിരിച്ചുവരവ്.

ധ്രുവ് ജുറലിനെ കൂടാതെ ദേവ്ദത്ത് പടിക്കലിന്റെ ഇന്നിംഗ്സ് ഇന്ത്യയ്ക്ക് കരുത്തായി. 230 പന്തിൽ ഒരു സിക്‌സറും 15 ഫോറുകളും അടക്കം 167 റൺസാണ് പടിക്കൽ നേടിയത്. കെ എല്‍ രാഹുല്‍ (82), റിഷഭ് പന്ത് (39) , യശസ്വി ജയ്‌സ്വാള്‍ (32), മാനവ് സുതര്‍ (24) എന്നിങ്ങനെയാണ് പിന്നീടുള്ള സ്‌കോറുകൾ. മറുപടി ബാറ്റിങ്ങിൽ 10 ഓവർ പിന്നിടുമ്പോൾ 40 റൺസിന് രണ്ട് എന്ന നിലയിലാണ് ശ്രീലങ്ക.

content highlights: dhruv jurel half century gill gambhir comeback

To advertise here,contact us