ഇന്ത്യന്‍ ക്രിക്കറ്റിനെ വിടാതെ തുടരുകയാണ് പരിക്ക്. പ്രമുഖ താരങ്ങളെല്ലാം പരിക്കേറ്റ് കളിക്കാത്തത് ടീമിന് കനത്ത തിരിച്ചടിയായിരുന്നു. ഇപ്പോള്‍ ഗാലെ ടെസ്റ്റ് ക്രിക്കറ്റില്‍ കെഎല്‍ രാഹുലും പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പ് ആശങ്കയിലാണ്. സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെയാണ് താരം മടങ്ങിയത്. കൈയിന് കാര്യമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം കൈയില്‍ തടവുന്നത് കാണാമായിരുന്നു. വേദന സഹിച്ചാണ് താരം മടങ്ങിയത് എന്നത് ഇന്ത്യന്‍ ക്യാമ്പിനെ ഏറെ ആശങ്കയിലാക്കി. വലതുകൈയ്ക്കും കാലിനും അനുഭവപ്പെട്ട കടുത്ത പേശിവലവ് കാരണം താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുന്ന കാഴ്ചയാണ് ഗാലെയില്‍ കണ്ടത്.
ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യയുടെ 600-ാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ, കെഎല്‍ രാഹുലും ദേവ്ദത്ത് പടിക്കലും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് മികച്ച നിലയിലെത്തിച്ചത്.തുടക്കത്തില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (32) ദൗര്‍ഭാഗ്യകരമായ റണ്‍ഔട്ടിലൂടെ പുറത്തായെങ്കിലും, തുടര്‍ന്നെത്തിയ ദേവ്ദത്തും രാഹുലും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100-ലധികം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
രണ്ടാം സെഷന്റെ അവസാനത്തോടെയാണ് രാഹുലിന് പേശിവലവ് അനുഭവപ്പെട്ടു തുടങ്ങിയത്. ടീ ബ്രേക്കിന് തൊട്ടുമുമ്പ് ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിച്ചിരുന്നു. തുടര്‍ന്ന് ടീ ബ്രേക്കിന് ശേഷവും ബാറ്റിങ് തുടരാനായി ഗ്രൗണ്ടിലിറങ്ങിയെങ്കിലും അസ്വസ്ഥത കൂടിയതോടെ രാഹുല്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 162 പന്തുകളില്‍ നിന്ന് 77 റണ്‍സ് നേടി നല്‍കുമ്പോഴായിരുന്നു ഇത്.
രാഹുല്‍ മടങ്ങിയതോടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആണ് ദേവ്ദത്തിന് കൂട്ടായി ക്രീസിലെത്തിയത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ദേവ്ദത്ത് പടിക്കല്‍ സെഞ്ചുറി തികച്ച് ടീം സ്കോര്‍ ഉയര്‍ത്തി.
content highlights: Injury Curse Strikes Again: KL Rahul Returns; Here's the Reason