പടിക്കലിന് കന്നി സെഞ്ചുറി; കരുത്ത് തെളിയിച്ച് മലയാളി

മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലാണ് ദേവ്ദത്ത് പടിക്കല്‍ സെഞ്ചുറി നേടിയത്

കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരത്തിലാണ് ദേവ്ദത്ത് പടിക്കല്‍ സെഞ്ചുറി കുറിച്ചത്. യശസ്വി ജയ്‌സ്വാള്‍ റണ്ണൗട്ടായതിന് പിന്നാലെയെത്തിയ പടിക്കല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്തതും മികച്ച ആസൂത്രണത്തോടെയാണ്. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ ശക്തമായ നിലയിലാണ് ഗാലെ ടെസ്റ്റില്‍ മുന്നേറുന്നത്. ശ്രീലങ്കന്‍ ബൗളര്‍മാരുടെ വെല്ലുവിളികളെ അതിജീവിച്ചാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം.

2024-ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരത്തിന്റെ കരിയറിലെ മൂന്നാമത്തെ മാത്രം മത്സരമാണിത്. ശ്രീലങ്കയ്‌ക്കെതിരെ കളിക്കാനിറങ്ങിയപ്പോള്‍ മികച്ച തുടക്കമാണ് അദ്ദേഹത്തിന് ലഭിച്ചതും. ഗാലെയില്‍ സൂക്ഷ്മതയോടെ ബാറ്റേന്തിയ താരം അതിവേഗമാണ് സെഞ്ചുറി കുറിച്ചത്. അതായത്, 134 പന്തില്‍ ടെസ്റ്റില്‍ തന്റെ ആദ്യ സെഞ്ചുറി കുറിച്ചു.ചേതേശ്വര്‍ പൂജാരയുടെ അവസാന ടെസ്റ്റിന് ശേഷം (2023 ജൂണ്‍) കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ശേഷം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായി പടിക്കല്‍ മാറി. ഇന്നിങ്‌സിന്റെ 11-ാം ഓവറിനൊടുവിലാണ് പടിക്കല്‍ ക്രീസിലെത്തിയത്. ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍, കെഎല്‍. രാഹുലുമായി ഉണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് റണ്ണൗട്ടായി പുറത്തായതിനെത്തുടര്‍ന്നായിരുന്നു ഇത്. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ സായ് സുദര്‍ശന് പകരമായാണ് ഈ മത്സരത്തില്‍ പടിക്കല്‍ മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് എത്തിയത്.കഴിഞ്ഞ ആഴ്ച കൊളംബോയില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ 142 റണ്‍സ് നേടി മികച്ച ഫോം പുറത്തെടുക്കാന്‍ കര്‍ണാടക ക്യാപ്റ്റനായ പടിക്കലിന് സാധിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പര്‍ സ്ഥാനത്ത് ദീര്‍ഘകാലത്തേക്ക് ഇടം കണ്ടെത്താന്‍ സാധിക്കുന്ന മികച്ച പ്രതീക്ഷയാണ് പടിക്കല്‍. ശ്രീലങ്കയ്‌ക്കെതിരായ പ്രകടനം അതിന് സഹായകരമാകുമെന്നുറപ്പാണ്. 2024 മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം, 57.6 ശരാശരിയില്‍ നാല് സെഞ്ചുറികള്‍ ഉള്‍പ്പെടെ 1,152 റണ്‍സ് നേടിയിട്ടുണ്ട്.

ഐപിഎലിലും മികച്ച പ്രകടനം നടത്തുന്ന താരമാണ് ദേവ്ദത്ത് പടിക്കല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമംഗമായ താരം നേരത്തെ രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 90 മത്സരങ്ങളില്‍നിന്ന് ഇതുവരെ 2270 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടുന്നു. 14 തവണ അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട് താരം.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ മികച്ച നിലയിലാണ്. ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യയുടെ 600-ാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ, കെഎല്‍ രാഹുലും ദേവ്ദത്ത് പടിക്കലും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് മികച്ച നിലയിലെത്തിച്ചത്. തുടക്കത്തില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (32) ദൗര്‍ഭാഗ്യകരമായ റണ്‍ഔട്ടിലൂടെ പുറത്തായെങ്കിലും, തുടര്‍ന്നെത്തിയ ദേവ്ദത്തും രാഹുലും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100-ലധികം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം സെഷന്റെ അവസാനത്തോടെയാണ് രാഹുലിന് പേശിവലവ് അനുഭവപ്പെട്ടു തുടങ്ങിയത്. ടീ ബ്രേക്കിന് തൊട്ടുമുമ്പ് ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിച്ചിരുന്നു. തുടര്‍ന്ന് ടീ ബ്രേക്കിന് ശേഷവും ബാറ്റിങ് തുടരാനായി ഗ്രൗണ്ടിലിറങ്ങിയെങ്കിലും അസ്വസ്ഥത കൂടിയതോടെ രാഹുല്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 162 പന്തുകളില്‍ നിന്ന് 77 റണ്‍സ് നേടി നല്‍കുമ്പോഴായിരുന്നു ഇത്. രാഹുല്‍ മടങ്ങിയതോടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആണ് ദേവ്ദത്തിന് കൂട്ടായി ക്രീസിലെത്തിയത്.

content highlights: Maiden Century for Devdutt Padikkal; India in a Dominant Position

To advertise here,contact us