രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാകുമോ? പ്രവചനവുമായി അശ്വിന്‍

വിരമിച്ച ശേഷം വിരാട് കോഹ്ലി നീണ്ട വിശ്രമത്തിനാകും പ്രാമുഖ്യം നല്‍കുകയെന്നും അശ്വിന്‍ പറയുന്നു

കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം രോഹിത് ശര്‍ പരിശീലകനായോ മെന്ററായോ വലിയ പങ്ക് വഹിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. വിരമിക്കാന്‍ തീരുമാനിച്ചാലുടന്‍ മുന്‍ നായകനായ രോഹിതിനെ ടീം മാനേജ്മെന്റിലേക്ക് കൊണ്ടുവരണമെന്ന് അദ്ദേഹം മുംബൈ ഇന്ത്യന്‍സിനോട് അഭ്യര്‍ഥിച്ചു.ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ഏകദിനത്തിന് ശേഷം കഴിഞ്ഞ ഒരു മാസമായി ഇന്ത്യന്‍ പുരുഷ ക്രിക്കറ്റില്‍ വലിയ ടൂര്‍ണമെന്റുകളൊന്നുമില്ല. ഇതേസമയം, ഐപിഎല്‍ ട്രേഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളും അന്താരാഷ്ട്ര പരിശീലക നിരയിലെ മാറ്റങ്ങളുമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ രണ്ട് ബാറ്റിങ് താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഭാവിയില്‍ പരിശീലക രംഗത്തേക്ക് എത്താനുള്ള സാധ്യതയെക്കുറിച്ച് അശ്വിനോട് ചോദ്യം ഉയര്‍ന്നത്. രോഹിത് മുംബൈ ഇന്ത്യന്‍സില്‍ ഒരു ചുമതല ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് അശ്വിന്‍ വിലയിരുത്തിയെങ്കിലും, വിരാട് കോഹ്ലി പെട്ടെന്നൊരു പരിശീലക സ്ഥാനത്തേക്ക് വരുമെന്ന കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. വിരമിക്കലിന് ശേഷം ക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കാനായിരിക്കും കോഹ്ലി ആഗ്രഹിക്കുകയെന്ന് അശ്വിന്‍ സൂചിപ്പിച്ചു.

'വിരാട് ഉടനെയൊന്നും ഒരു കോച്ചാകാന്‍ തയ്യാറാകുമെന്ന് ഞാന്‍ കരുതുന്നില്ല' -അശ്വിന്‍ പറഞ്ഞു. 'രണ്ടുപേരും കരിയറില്‍ ഒരുപാട് അധ്വാനിച്ചവരാണ്. ഒരുപക്ഷേ രോഹിത് ശര്‍മ്മയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍ ഏതെങ്കിലും തരത്തിലുള്ള ചുമതല ലഭിച്ചേക്കാം. എന്നാല്‍ വിരാടിന്റെ കാര്യം സത്യത്തില്‍ എനിക്കറിയില്ല. എന്റെ അഭിപ്രായത്തില്‍ വിരാട് കുറച്ചുകാലം ഇടവേള എടുക്കാന്‍ ആഗ്രഹിച്ചേക്കാം.' -അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വളര്‍ച്ച മുന്‍ താരങ്ങള്‍ക്ക് കൂടുതല്‍ സ്‌പെഷ്യലിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കുമെന്നും അശ്വിന്‍ വിശ്വസിക്കുന്നു. മെന്റര്‍, ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്, ഹൈ-പെര്‍ഫോമന്‍സ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ സാധാരണമാകുമെന്നും, വിരമിക്കലിന് ശേഷവും ക്രിക്കറ്റില്‍ തുടരാന്‍ ഇത് മികച്ച കളിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറയുന്നു.

39-കാരനായ രോഹിത് തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ട്വന്റി20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് അദ്ദേഹം ഇതിനകം വിരമിച്ചുകഴിഞ്ഞു. ഏകദിന ഫോര്‍മാറ്റിലെ അദ്ദേഹത്തിന്റെ ഭാവി ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. എങ്കിലും രോഹിതിന്റെ തന്ത്രപരമായ മികവ് കണക്കിലെടുക്കുമ്പോള്‍, കളിയവസാനിപ്പിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന് അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന് അശ്വിന്‍ വ്യക്തമാക്കുന്നു. ടീമിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച രോഹിത്, ഇന്ത്യയെ ഐസിസി ലോകകപ്പ് വിജയത്തിലേക്കും നയിച്ചിട്ടുണ്ട്. 'നാളെ ഞാന്‍ ഇനി കളിക്കുന്നില്ല എന്ന് രോഹിത് തീരുമാനിച്ചാല്‍, മുംബൈ ഇന്ത്യന്‍സ് ഉടന്‍ തന്നെ അദ്ദേഹത്തെ ടീമിലേക്ക് ഉള്‍പ്പെടുത്തണം' -അശ്വിന്‍ പറഞ്ഞു. 'അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടുകയും ഇന്ത്യയെ ലോകകപ്പിലേക്ക് നയിക്കുകയും ചെയ്ത ഒരു ക്യാപ്റ്റനെ വേറെ കിട്ടില്ല. ഹെഡ് കോച്ച് പദവി കൂടുതല്‍ അധ്വാനം ആവശ്യപ്പെടുന്ന ഒന്നായതുകൊണ്ട് അദ്ദേഹം അത് തല്‍ക്കാലം വേണമെന്നുവെച്ചില്ലെങ്കില്‍ പോലും, ഒന്നും രണ്ടും വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആ ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറാകും. രാഹുല്‍ ഭായ് ഇടവേളയെടുത്ത ശേഷം തിരികെ ജോലിയിലേക്ക് വന്നതുപോലെ. അതിനാല്‍ ഇത്തരം ക്രിക്കറ്റര്‍മാരെ കൈവിടാതെ ഉടന്‍ തന്നെ ഒപ്പം കൂട്ടണം. രോഹിത് ശര്‍മ്മയെപ്പോലെയുള്ള ചിന്താശേഷിയുള്ള ഒരു കളിക്കാരനെ മുംബൈ ഇന്ത്യന്‍സ് നഷ്ടപ്പെടുത്തില്ലെന്ന് ഉറപ്പാണ്' -അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത ഹെഡ് കോച്ച് പദവിക്ക് അപ്പുറമുള്ള നിര്‍ണായക ചുമതലകളില്‍ രോഹിതിനെ ഭാവിയില്‍ കണ്ടേക്കാമെന്നാണ് അശ്വിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഉപദേശകന്റെ രൂപത്തില്‍ തിരിച്ചെത്താന്‍ ഇത് രോഹിതിനെ സഹായിക്കും. എന്നാല്‍ വിരാട് കോഹ്ലി മറ്റൊരു വഴി തിരഞ്ഞെടുക്കാനാണ് സാധ്യതയെന്നും, ക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലം പൂര്‍ണമായി മാറിനിന്ന ശേഷമേ അടുത്ത ഘട്ടത്തെക്കുറിച്ച് കോഹ്ലി തീരുമാനിക്കൂ എന്നും അശ്വിന്‍ വിലയിരുത്തുന്നു.

content highlights: Will Rohit Sharma Become Mumbai Indians' Head Coach? R. Ashwin Makes Prediction

To advertise here,contact us