ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം; കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്ത് ബിസിസിഐ

ഈവര്‍ഷം ആദ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ നിര്‍ദ്ദിഷ്ട ബംഗ്ലാദേശ് പര്യടനത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അനുമതിക്കായി കാത്തിരിക്കുന്നതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ചാല്‍ മാത്രമേ പര്യടനവുമായി മുന്നോട്ട് പോകൂ എന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

'കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമേ ബംഗ്ലാദേശ് പര്യടനം നടക്കൂ. ഞങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും അന്തിമ തീരുമാനം സര്‍ക്കാരിന്റേതായിരിക്കും' -ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള ബന്ധം നിലവില്‍ തൃപ്തികരമാണെന്നും പരമ്പരയ്ക്കായി ഇതുവരെ പ്രത്യേക സമയം തീരുമാനിച്ചിട്ടില്ലെന്നും ബിസിസിഐ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പരമ്പരയ്ക്കുള്ള സമയം ക്രമീകരിക്കും.

ഈവര്‍ഷം ആദ്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഐപിഎല്‍ 2026 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ടീമിലുണ്ടായിരുന്ന ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ റിലീസ് ചെയ്യണമെന്ന് ബിസിസിഐ ജനുവരിയില്‍ ആവശ്യപ്പെട്ടിരുന്നു. 2025 ഡിസംബറിലെ ലേലത്തില്‍ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കെകെആര്‍ സ്വന്തമാക്കിയത്. ആ വര്‍ഷം ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ബംഗ്ലാദേശ് താരവും അദ്ദേഹമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഈ നടപടി ബംഗ്ലാദേശില്‍ ശക്തമായ അമര്‍ഷത്തിന് കാരണമായി. തുടര്‍ന്ന്, സുരക്ഷാ കാരണങ്ങളും സ്വന്തം സര്‍ക്കാരിന്റെ നിര്‍ദ്ദേശവും ചൂണ്ടിക്കാട്ടി 2026 ടി20 ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബിസിബി പ്രഖ്യാപിച്ചു. ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് അവര്‍ ഐസിസിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഐസിസി അത് നിരസിക്കുകയാണുണ്ടായത്. ഇതിനെത്തുടര്‍ന്ന് ടീം ലോകകപ്പ് കളിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കുന്നത്.

content highlights: India’s Tour of Bangladesh: BCCI Awaits Central Government Approval

To advertise here,contact us