ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരകൈമാറ്റ ചർച്ചകൾ ചൂടുപിടിക്കവെ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ പുതിയ നീക്കം. മുംബൈ ഇന്ത്യൻസ് വിടാൻ ഒരുങ്ങുന്ന ഹാർദിക് തന്റെ പഴയ ടീമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങിയെത്താൻ താൽപര്യം അറിയിച്ചെങ്കിലും ക്യാപ്റ്റൻസി ആവശ്യപ്പെട്ടതോടെ ട്രേഡ് നീക്കം വഴിമുട്ടിയതായാണ് റിപ്പോർട്ട്.
ഹാർദിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ ഗുജറാത്ത് മാനേജ്മെന്റിന് എതിർപ്പുണ്ടായിരുന്നില്ല. നിലവിലെ നായകൻ ശുഭ്മൻ ഗില്ലുമായി അധികൃതർ വിഷയം സംസാരിക്കുകയും ട്രേഡ് നടത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ഗിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ തിരിച്ചെത്തണമെങ്കിൽ തനിക്ക് ടീമിന്റെ നായകസ്ഥാനം തിരികെ നൽകണമെന്ന നിബന്ധന ഹാർദിക് മുന്നോട്ടുവെച്ചതാണ് കാര്യങ്ങൾ അവതാളത്തിലാക്കിയത്.
2022-ൽ കന്നി സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടത്തിലേക്കും, തൊട്ടടുത്ത വർഷം ഫൈനലിലേക്കും നയിച്ചത് ഹാർദിക്കായിരുന്നു. തുടർന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ ഹാർദിക്കിന്, രോഹിത് ശർമ്മയ്ക്ക് പകരം നായകസ്ഥാനം ലഭിച്ചെങ്കിലും ടീമിനെ മികച്ച രീതിയിൽ നയിക്കാനായില്ല.
തുടർച്ചയായ സീസണുകളിൽ ടീം പരാജയപ്പെട്ടതും ടീമിൽ പിന്തുണ കുറഞ്ഞതുമാണ് പുതിയ ടീം കണ്ടെത്താൻ ഹാർദിക്കിനെ പ്രേരിപ്പിച്ചത്.
ഗുജറാത്തിന് പുറമെ ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുമായും ട്രേഡിംഗിനായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അതും പാതിവഴിയിൽ അടഞ്ഞതായാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമായ ചിത്രം തെളിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
content highlights: ipl trade rumors hardik pandya gujarat titans captaincy demand rejected