'നിതീഷിന്റെ പരിക്കിന് കാരണം ജോലി ഭാരം'; പ്രതികരണവുമായി വി വി എസ് ലക്ഷ്മൺ

നിതീഷ് കുമാർ റെഡ്ഡിയുടെ തുടർച്ചയായ പരിക്കിന് കാരണം ജോലി ഭാരമെന്ന് വി വി എസ് ലക്ഷ്മൺ

ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ തുടർച്ചയായ പരിക്കിന് കാരണം ജോലി ഭാരമെന്ന് ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസ് തലവൻ വി വി എസ് ലക്ഷ്മൺ. ബെംഗളൂരുവിലെ ബി സി സി ഐ യുടെ എക്സലൻസ് സെന്റർ സന്ദർശിച്ച ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലക്ഷ്മൺ മാധ്യമങ്ങളോട് സംസാരിച്ചത്.

ഇടത് തുടയിലെ പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്‌വെ പരമ്പരകൾ നിതീഷിന് നഷ്ടമായിരുന്നു. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ നിതീഷിന് മേൽ വലിയ ജോലിഭാരമുണ്ടെന്ന് ലക്ഷ്മൺ ചൂണ്ടിക്കാട്ടി.

പരിക്കേറ്റ് പുറത്തിരിക്കുന്ന സമയത്ത് കളിക്കാർ നേരിടുന്ന മാനസിക സമ്മർദ്ദത്തിന് സെന്‍റർ ഓഫ് എക്സലൻസ് വലിയ പ്രാധാന്യമാണ് നൽകുന്നത്. പൂർണ്ണ കായികക്ഷമത നേടി തിരിച്ചെത്താൻ എന്താണ് ചെയ്യേണ്ടതെന്ന് താരങ്ങളെ ബോധ്യപ്പെടുത്തുകയും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

താരങ്ങളുടെ കായികക്ഷമത അളക്കുന്നതിൽ വരുത്തിയ പുതിയ മാറ്റങ്ങളും ലക്ഷ്മൺ വെളിപ്പെടുത്തി. പരമ്പരകൾ നടക്കുമ്പോൾ കഠിനമായ യോ-യോ ടെസ്റ്റ് നടത്തുന്നത് താരങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരമായി 'ബ്രോങ്കോ ടെസ്റ്റ്' ആണ് നാഷണൽ ഫിറ്റ്നസ് ടെസ്റ്റിംഗ് ക്രൈറ്റീരിയയുടെ ഭാഗമായി ഇപ്പോൾ നടപ്പിലാക്കുന്നതെന്നും ലക്ഷ്മൺ പറഞ്ഞു.

content highlights: vvs laxman reacts to nitish kumar reddy injury workload

To advertise here,contact us