സിംബാബ്വെ പര്യടനത്തിലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ബാറ്റര്‍ വൈഭവ് സൂര്യവംശി നെറ്റ്സില്‍ കഠിന പരിശീലനം ആരംഭിച്ചു. ഡിഫന്‍സീവ്, അറ്റാക്കിങ് രീതികളിലാണ് പരിശീലനം. പരിശീലനം നടത്തുന്നതിന്റെ വീഡിയോ വൈഭവ് സൂര്യവംശി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ കളിച്ച മൂന്ന് ഇന്നിങ്സുകളിലും 20 റണ്‍സ് തികയ്ക്കാന്‍ താരത്തിനായില്ല. പരമ്പര ഇന്ത്യ 1-4 ന് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത സിംബാബ്വെ പര്യടനം താരത്തിന് ഏറെ മികച്ചതായിരുന്നു. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 50.33 ശരാശരിയിലും 196.10 സ്ട്രൈക്ക് റേറ്റിലും രണ്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 151 റണ്‍സ് നേടി താരം റണ്‍വേട്ടയില്‍ ഒന്നാമതെത്തി. 81 റണ്‍സിന്റെ മികച്ചൊരു ഇന്നിങ്സും ഇതില്‍ ഉള്‍പ്പെടുന്നു. അയര്‍ലന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ട ശേഷം, പുതിയ ടി20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ആദ്യ പരമ്പര വിജയം സ്വന്തമാക്കിയപ്പോള്‍ 'പ്ലെയര്‍ ഓഫ് ദി സീരീസ്' പുരസ്കാരവും വൈഭവ് സൂര്യവംശിക്കായിരുന്നു.
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്ററിലെ രണ്ടാം ടി20യില്‍, 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോള്‍ കളത്തിലിറങ്ങിയ സൂര്യവംശി, സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്ററായി മാറിയിരുന്നു.
2026-27 ആഭ്യന്തര സീസണിലെ ആദ്യ ടൂര്‍ണമെന്റായ ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിന്റെ നായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷനെയും വൈസ് ക്യാപ്റ്റനായി കൗമാര താരം വൈഭവ് സൂര്യവംശിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും കാഴ്ചവെച്ച മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം സൂര്യവംശിയുടെ വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലാണ് വൈസ് ക്യാപ്റ്റന്‍ പദവി. ദീര്‍ഘ ഫോര്‍മാറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ പോകുന്ന താരം, പരിചയസമ്പന്നനായ ബംഗാള്‍ ബാറ്റര്‍ അഭിമന്യു ഈശ്വരനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കുന്ന ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് സോണ്‍ നോര്‍ത്ത് ഈസ്റ്റ് സോണിനെ നേരിടും.
ഈസ്റ്റ് സോണ്‍ ടീം: ഇഷാന് കിഷന് (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്, സുദീപ് ഗരാമി, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, ഷഹബാസ് അഹമ്മദ്, സൂരജ് ജയ്സ്വാള്‍, വിരാട് സിംഗ്, കുമാര്‍ കുശാഗ്ര, ശിഖര്‍ മോഹന്‍, സുബ്രാങ്ഷു സേനാപതി, അഭിജിത് സര്‍ക്കാര്‍, അനുകൂല്‍ റോയ്, ദെനിഷ് ദാസ്.
content highlights: Duleep Trophy Ahead: Vaibhav Suryavanshi Undergoes Intense Training in the Nets