സന്നാഹ മത്സരം കഴിഞ്ഞു. ഇനി ശ്രീലങ്കയ്ക്കെതിരെയുള്ള ശരിക്കുമുള്ള പോരാട്ടത്തിന്റെ നാളുകളാണ്. ആഗസ്റ്റ് 15 നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റിൽ ആരൊക്കെ കളിക്കുമെന്നത് ഇപ്പോഴും സസ്പെൻസാണ്.
സന്നാഹത്തിൽ തകർപ്പൻ സെഞ്ച്വറിയോടെ ദേവ്ദത്ത് പടിക്കൽ തന്റെ അവകാശവാദം ശക്തമാക്കി കഴിഞ്ഞു. പരിക്ക് കാരണം സായ് സുദർശൻ നിലവിൽ പുറത്താണ്. അതുകൊണ്ട് തന്നെ പടിക്കൽ ഇലവനിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യ മത്സരത്തിൽ കളിയ്ക്കാൻ സാധ്യതയില്ല.
സന്നാഹ മത്സരത്തിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തുള്ള റിഷഭ് പന്തിനും ധ്രുവ് ജുറലിനും തിളങ്ങാനായിട്ടില്ല. കെ എൽ രാഹുൽ ആണെങ്കിൽ ടീമിലുണ്ട് താനും.
സ്പിന്നർക്ക് കൂടുതൽ പിന്തുണ കിട്ടുന്ന പിച്ചിൽ രവീന്ദ്ര ജഡേജയും മാനവ് സുതാറും തിളങ്ങിയിരുന്നു. പേസർമാരിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഉറപ്പായും കളിക്കും. ബാറ്റിങ്ങിൽ കൂടി സഹായിക്കുന്ന ഗുർനൂർ ബ്രാറിനും അവസരം ലഭിച്ചേക്കും.
ഏതായാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഈ പരമ്പര ജയിച്ചേ പറ്റൂ.പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിനും ചീഫ് സെലക്ടർ എന്ന നിലയിൽ അജിത് അഗാർക്കറിനും ഈ പരമ്പര അതിനിർണായകമാണ്.
content highlights: devdutt padikkal century warm up match ind vs sl test series