അയർലൻഡിനെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ. മൂന്നാം ഏകദിനവും ജയിച്ചതോടെ 2027ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിനു അഫ്ഗാൻ നേരിട്ട് യോഗ്യത ഉറപ്പാക്കി. രണ്ട് തവണ ലോക ചാംപ്യൻമാരായ വെസ്റ്റ് ഇൻഡീസ് വീണ്ടുമൊരിക്കൽ കൂടി പ്രതിസന്ധിയിലാകുകയും ചെയ്തു. ഇനി യോഗ്യതാ മത്സരങ്ങൾ കളിച്ചാൽ മാത്രമേ വെസ്റ്റ് ഇൻഡീസിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കാൻ സാധിക്കൂ. കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്ക് യോഗ്യത പോലും നേടാൻ വിൻഡീസിന് സാധിച്ചിരുന്നില്ല.
അയർലൻഡിനെതിരായ മൂന്നാം പോരിൽ 3 വിക്കറ്റിന്റെ ആവേശ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഫ്ഗാൻ 2-0ത്തിനു മുന്നിലെത്തുകയും ചെയ്തു.
റാഷിദ് ഖാന്റെ ഓൾ റൗണ്ട് മികവാണ് അഫ്ഗാൻ ജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡിനെ 46.3 ഓവറിൽ 206 റൺസിൽ പുറത്താക്കാൻ അഫ്ഗാന് സാധിച്ചു. അഫ്ഗാനിസ്ഥാൻ 44.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് കണ്ടെത്തി.
റാഷിദ് ഖാൻ 37 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിങിലും റാഷിദ് തിളങ്ങിയിരുന്നു. താരം 10 ഓവറിൽ 44 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു.
നിലവിൽ ഐസിസി റാങ്കിങിൽ 8ാം സ്ഥാനത്തുള്ള അഫ്ഗാൻ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് പോരിലേക്ക് നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു. അവരുടെ നാലാം ലോകകപ്പ് പ്രവേശമാണിത്.
സെപ്റ്റംബർ 30 വരെയുള്ള ഐസിസി ഏകദിന റാങ്കിങ് അടിസ്ഥാനത്തിലാണ് ടീമുകൾ നേരിട്ട് ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്നത്. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരാണ് നേരിട്ട് യോഗ്യത ഉറപ്പിച്ചത്. ആതിഥേയരെന്ന നിലയിൽ ദക്ഷിണാഫ്രിക്ക, സിംബാബ്വെ ടീമുകളും യോഗ്യത നേടി.
വിൻഡീസ്, അയർലൻഡ് ടീമുകളാണ് യോഗ്യതാ പോര് കളിക്കുന്ന ഐസിസിയുടെ ഫുൾ മെമ്പർ ടീമുകൾ. ലോകകപ്പ് ലീഗ് 2ൽ നിന്നു നാല് ടീമുകളും വേൾഡ് കപ്പ് ക്വാളിഫയർ പ്ലേ ഓഫിൽ നിന്നുള്ള നാല് ടീമുകളുമാണ് വിൻഡീസ്, അയർലൻഡ് ടീമുകൾക്ക് പുറമെ മത്സര രംഗത്തുള്ളത്. ഇതിൽ നാല് ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത കിട്ടുക.
content highlights: afghanistan beats ireland direct qualification world cup