കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായ ആറ് പന്തുകളിൽ സിക്സറടിച്ച് ഹാംപ്ഷെയർ താരം ടോബി ആൽബർട്ട്. ഹാംപ്ഷെയറും സസ്സക്സും തമ്മിലുള്ള വൺ-ഡേ കപ്പ് മത്സരത്തിലാണ് സംഭവം.
43-ാം ഓവറിലാണ് ടോബി സിക്സർ പൂരത്തിന് തുടക്കമിട്ടത്. ഓവറിലെ അവസാന രണ്ട് പന്തുകളും താരം അതിർത്തികടത്തി. പിന്നീട് അടുത്ത ഓവറിലും വെടിക്കെട്ട് തുടർന്നു. 44-ാം ഓവറിലെ മൂന്നാം പന്താണ് ടോബി പിന്നീട് നേരിട്ടത്. പന്ത് അതിർത്തികടത്തി ടോബി ഹാട്രിക് സിക്സർ നേടി.
പിന്നീട് ആ ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തും ടോബി സിക്സർ പറത്തി. അതോടെ തുടർച്ചയായി ആറ് സിക്സർ നേടുന്ന താരമായി മാറി. പ്രൊഫഷണൽ ക്രിക്കറ്റിൽ തുടർച്ചയായി ആറ് പന്തുകൾ സിക്സറടിക്കുന്ന പതിനൊന്നാമത്തെ മാത്രം താരമാണ് ടോബി.
ആദ്യം ബാറ്റുചെയ്ത ഹാംപ്ഷെയർ അമ്പത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 383 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർമാരായ ബെൻ മെയസും അലി ഓറും സെഞ്ച്വറി നേടി. അതിന് ശേഷമായിരുന്നു മൂന്നാമനായി ടോബി ഇറങ്ങുന്നത്. 37 പന്തിൽ 86 റൺസ് അടിച്ചെടുത്ത ടോബിയുടെ ഇന്നിങ്സ് ടീമിന് കൂറ്റൻ ടോട്ടൽ സമ്മാനിച്ചു.
384 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സസ്സക്സ് പൊരുതിയാണ് മടങ്ങിത്. ചാർലി ടിയറിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ടീം 332 റൺസിലെത്തി.
content highlights: english youngster hits six sixes in an over county cricket viral video