വൈഭവിന് 15 വയസ്സോ..? ആശ്ചര്യപ്പെട്ട് ബ്രൈറ്റ്‌ലീ

വൈഭവ് സൂര്യവംശിയുടെ വയസ്സ് വിദേശരാജ്യങ്ങളില്‍ ഇപ്പോഴും സംശയനിഴലിലെന്ന വെളിപ്പെടുത്തലുമായി ബ്രെറ്റ് ലീ

വൈഭവ് സൂര്യവംശിക്ക് വെറും 15 വയസ്സാണെന്നോ..? ചോദ്യമുന്നയിക്കുന്നത് ഓസ്‌ട്രേലിയന്‍ മുന്‍ പേസര്‍ ബ്രെറ്റ് ലീയാണ്. ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തെക്കുറിച്ച് ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ആളുകള്‍ക്കിടയില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. എന്നാല്‍ പ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും താരത്തിന്റെ കഴിവും പ്രകടനവുമാണ് പ്രധാനമെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.

യുവതാരം വൈഭവ് സൂര്യവംശി കാണിക്കുന്ന മികവും ബാറ്റിങ്ങിലെ ആത്മവിശ്വാസവും കാണുമ്പോള്‍ അദ്ദേഹം 28 അല്ലെങ്കില്‍ 30 വയസ്സുള്ള മുതിര്‍ന്ന കളിക്കാരനെപ്പോലെ തോന്നിപ്പിക്കുന്നുവെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍. പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ അവസാനിച്ചെങ്കിലും വിദേശരാജ്യങ്ങളില്‍ ഇത് വലിയ സംസാരവിഷയമാണെന്ന് ബ്രെറ്റ്‌ലീ പറഞ്ഞു.

'അവന്‍ അത്ഭുതപ്പെടുത്തുന്ന കളിക്കാരനാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള എല്ലാവരും ചോദിക്കുന്നത് 'അവന് ശരിക്കും 15 വയസ്സ് തന്നെയുണ്ടോ?' എന്നാണ്. എന്നാല്‍ അവന് 15 ആണോ 17 ആണോ 18 ആണോ എന്നതിലൊന്നും എനിക്ക് കാര്യമില്ല. ഈ കുട്ടിക്ക് മികച്ച രീതിയില്‍ ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നുണ്ട്. ഇന്ത്യ കണ്ടെത്തിയ മികച്ച താരങ്ങളില്‍ ഒരാളാണ് അവന്‍. ഭാവിയില്‍ ഇതിലും വലിയ നേട്ടങ്ങള്‍ അവന്‍ കൈവരിക്കും,' -ബ്രെറ്റ് ലീ പറഞ്ഞു.

ഐപിഎല്ലില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധേയമായ പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ 97 റണ്‍സിന്റെ ഇന്നിങ്‌സില്‍ അതിവേഗത്തില്‍ വന്ന ബൗണ്‍സറുകളെ പോലും വളരെ മനോഹരമായി ഹുക്ക് ചെയ്ത് സിക്‌സറുകളാക്കാന്‍ അവന് സാധിച്ചു. മികച്ച പ്രൊഫഷണല്‍ ഷോട്ടുകളാണ് അവന്‍ കളിക്കുന്നത്. അവന്‍ ഇപ്പോഴും ഒരു കുട്ടിയാണ്, അതിനാല്‍ അവന്റെ മേല്‍ അമിത സമ്മര്‍ദ്ദം ചെലുത്താതെ ഒരു കുട്ടിയായി തന്നെ തുടരാന്‍ അനുവദിക്കണമെന്നും ലീ കൂട്ടിച്ചേര്‍ത്തു. വൈഭവിന് ബൗള്‍ ചെയ്യേണ്ടി വന്നാല്‍ താന്‍ എങ്ങനെ നേരിടുമായിരുന്നു എന്നും ലീ പങ്കുവെച്ചു: 'പുള്‍ ഷോട്ടുകളും ഹുക്ക് ഷോട്ടുകളും നന്നായി കളിക്കുന്ന ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയാന്‍ എനിക്ക് എന്നും ഇഷ്ടമാണ്. കാരണം അത് വലിയൊരു മത്സരമാണ്. അവന്റെ ഹെല്‍മറ്റ് ലക്ഷ്യമാക്കി ഞാന്‍ ഒരു ബൗണ്‍സര്‍ എറിയും. ചിലപ്പോള്‍ അവന്‍ അത് സിക്‌സറടിച്ചേക്കാം. എന്നാലും അടുത്ത പന്തിലും മറ്റൊരു ബൗണ്‍സര്‍ എറിയുന്നതില്‍ നിന്ന് ഞാന്‍ പിന്മാറില്ല,' -ബ്രെറ്റ് ലീ പറഞ്ഞു.

content highlights: "Is Vaibhav Really Just 15?" – Brett Lee Expresses Wonder Over Vaibhav Suryavanshi's Talent

To advertise here,contact us