ഇന്ത്യക്ക് ആശ്വാസം; നെറ്റ്‌സില്‍ ഒരു മണിക്കൂറിലധികം ബാറ്റ് ചെയ്ത് ശുഭ്മാന്‍ ഗില്‍

പരിശീലന മത്സരത്തിന് മുമ്പ് ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു

ശ്രീലങ്കന്‍ പര്യടനത്തിലെ പരിശീലന മത്സരത്തിന് തൊട്ടുമുമ്പ് പരിക്കേറ്റ് പുറത്തിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരിശീലനത്തിലേക്ക് തിരിച്ചെത്തി. കഴിഞ്ഞദിവസം നെറ്റ്‌സില്‍ ഒരുമണിക്കൂറിലധികം അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തി. നെറ്റ് ബൗളര്‍മാര്‍ക്കൊപ്പം പരിശീലകന്‍ ഗൗതം ഗംഭീര്‍, സഹ പരിശീലകരായ മോര്‍ണി മോര്‍ക്കല്‍, സായ്രാജ് ബഹുതുലെ, സിതാംശു കൊട്ടക് എന്നിവരും ഗില്ലിന്റെ ബാറ്റിങ് സെഷന് മേല്‍നോട്ടം വഹിച്ചു.

വലതുകൈയിലെ തള്ളവിരലില്‍ ടേപ്പ് ഉപയോഗിച്ച് ബാന്‍ഡേജ് ചെയ്തിരുന്നെങ്കിലും ബാറ്റിങ്ങില്‍ യാതൊരു ബുദ്ധിമുട്ടും ഗില്‍ പ്രകടിപ്പിച്ചില്ല. ശിവംഗ് കുമാര്‍, തനുഷ് കോട്ടിയാന്‍, വിപ്രാജ് നിഗം എന്നീ ബൗളര്‍മാരാണ് നെറ്റ്‌സില്‍ പന്തെറിഞ്ഞത്. സെഷന്റെ പകുതിയില്‍ വെച്ച് കൈയിലെ ടേപ്പിങ് നീക്കം ചെയ്ത ശേഷമാണ് ഗില്‍ ബാറ്റിങ് തുടര്‍ന്നത്.

രാവിലെ പത്തുമുതല്‍ 11:25 വരെ നീണ്ടുനിന്ന പരിശീലനത്തില്‍ സ്പിന്‍ ബൗളിങ്ങിനെ നേരിടുന്നതിലായിരുന്നു ഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ബാറ്റിങ് പരിശീലകനായ സിതാംശു കൊട്ടക്കുമായി ഇടവേളകളില്‍ അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. പരിശീലനത്തിന് ശേഷം ടീം ഫിസിയോ കമലേഷ് ജെയിന്‍ ഗില്ലിന്റെ ഫിറ്റ്‌നസ് പരിശോധിക്കുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, പ്രമുഖ താരങ്ങള്‍ പരിക്കിന്റെ പിടിയിലായതിനാല്‍ വരാനിരിക്കുന്ന നിര്‍ണായക മത്സരങ്ങള്‍ക്ക് മുമ്പ് അപകടസാധ്യത ഒഴിവാക്കാന്‍ നിലവിലുള്ള പരിശീലന മത്സരത്തില്‍ ഗില്‍ കളിക്കാന്‍ സാധ്യതയില്ല. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ സായി സുദര്‍ശന് പകരം ഷെയ്ഖ് റഷീദ്, സര്‍ഫറാസ് ഖാന്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരിലൊരാളെ ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ പ്രഖ്യാപിക്കും.

content highlights: Relief for Team India: Shubman Gill Bats for Over an Hour in the Nets

To advertise here,contact us