ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ ബാറ്റർ ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കറാണെങ്കിലും ഗോട്ട് മറ്റൊരാളാണെന്ന് ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ. സച്ചിന്റെ ബാറ്റിംഗ് മികവിനെ ഒട്ടും കുറച്ചുകാണുന്നില്ലെങ്കിലും മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസാണ് ബ്രെറ്റ് ലീയുടെ അഭിപ്രായത്തിൽ ഗോട്ട്.
സച്ചിനേക്കാൾ മികച്ചൊരു ബാറ്റർ ക്രിക്കറ്റിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലീ സമ്മതിക്കുന്നു. പക്ഷെ ഒരു ഓൾറൗണ്ടർ എന്ന നിലയിലുള്ള കഴിവുകൾ വിലയിരുത്തുമ്പോൾ കാലിസാണ് പട്ടികയിൽ ഒന്നാമതെത്തുന്നതെന്ന് അദ്ദേഹം പറയുന്നു.
‘എക്കാലത്തെയും മികച്ച ബാറ്റർ സച്ചിൻ ടെണ്ടുൽക്കറാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ ഏറ്റവും മികച്ച ക്രിക്കറ്റർ ജാക്വസ് കാലിസാണ്. ലോകത്തിലെ ഏറ്റവും മികച്ച റെക്കോർഡുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം പരിശോധിച്ചാൽ അത് വ്യക്തമാകും, കണക്കുകൾ ഒരിക്കലും കള്ളം പറയില്ല', ബ്രെറ്റ് ലീ പറഞ്ഞു.
ഒരു ഓൾറൗണ്ടർ എന്ന നിലയിൽ കാലിസിന്റെ കരിയർ റെക്കോർഡുകൾ നിറഞ്ഞതായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 55.37 ശരാശരിയിൽ 45 സെഞ്ച്വറികൾ ഉൾപ്പെടെ 13,289 റൺസ് കാലിസ് നേടിയിട്ടുണ്ട്. കൂടാതെ 32.65 ശരാശരിയിൽ 292 വിക്കറ്റുകളും 200 ക്യാച്ചുകളും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ 44.36 ശരാശരിയിൽ 17 സെഞ്ച്വറികൾ അടക്കം 11,579 റൺസ് നേടിയ കാലിസ്, 31.79 ശരാശരിയിൽ 273 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
content highlights: brett llee on sachin tendulkar and goat debate