കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിള്‍സ്. സച്ചിന് ബേബിയും, മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്സേനയും അടങ്ങുന്ന പരിചയസമ്പന്നര്‍ക്കൊപ്പം യുവപ്രതിഭകള്‍ ഉള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് റിപ്പിള്‍സ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. കേരള മുന്‍ താരം നിഖിലേഷ് സുരേന്ദ്രന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ആലപ്പി, ഇത്തവണ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയായേക്കും.
കൊല്ലം സെയിലേഴ്സിനെ രണ്ട് തവണ ഫൈനലിലെത്തിക്കുകയും ഒരു തവണ ചാമ്പ്യന്മാരാക്കുകയും ചെയ്ത പരിചയസമ്പന്നനായ സച്ചിന് ബേബിയാണ് ഇക്കുറി ആലപ്പിയുടെ നായകന്. ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ തിളങ്ങുന്ന സച്ചിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാകും. കെസിഎല്‍ ആദ്യ സീസണില്‍ രണ്ട് സെഞ്ചുറികളോടെ ടോപ്പ് സ്കോററായ സച്ചിന് ബേബി, രണ്ടാം സീസണിലും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരുന്നു. കേരളത്തിന് വിവിധ ഫോര്‍മാറ്റുകളിലായി പതിനായിരത്തിലധികം റണ്‍സ് നേടിയ ഏക താരമായ സച്ചിന് തന്നെയാണ് കെസിഎല്ലിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം.മുന്‍നിര ബാറ്റിങ് അവസരത്തിനൊത്ത് ഉയരാതിരുന്നതാണ് കഴിഞ്ഞ സീസണുകളില്‍ ടീമിന് തിരിച്ചടിയായത്. അത് പരിഹരിക്കുന്ന തകര്‍പ്പന്‍ ബാറ്റിങ് നിരയാണ് ഇത്തവണ റിപ്പിള്‍സിന്റേത്. സച്ചിന് ബേബിക്കൊപ്പം കൂറ്റനടികള്‍ക്ക് പേരുകേട്ട മുഹമ്മദ് അസ്ഹറുദ്ദീനും പരിചയസമ്പന്നനായ ജലജ് സക്സേനയും ചേരുമ്പോള്‍ ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാവുകയാണ്. ഇവര്‍ മൂവരും ചേര്‍ന്ന സഖ്യമായിരുന്നു ഒരു വര്‍ഷം മുന്‍പ് കേരളത്തെ രഞ്ജി ട്രോഫിയുടെ ഫൈനലിലും എത്തിച്ചത്. ട്വന്റി 20യില്‍ ഒരു മലയാളി താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറിന് ഉടമയായ അസറുദ്ദീന് (137), ദുലീപ് ട്രോഫിയില്‍ ദക്ഷിണ മേഖല ടീമിന്റെ ക്യാപ്റ്റനാകുന്ന ഏക കേരള താരം കൂടിയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ജലജ് സക്സേന രഞ്ജി ട്രോഫിയിലെ മികച്ച ഓള് റൗണ്ടര്‍ക്കുള്ള ലാല അമര്‍നാഥ് പുരസ്കാരം മൂന്നുതവണ നേടിയിട്ടുണ്ട്. രഞ്ജിയില്‍ ആറായിരത്തിലധികം റണ്‍സും നാനൂറിലേറെ വിക്കറ്റും നേടിയ ഏക താരം കൂടിയായ അദ്ദേഹം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് ആലപ്പിയുടെ പ്രധാന സവിശേഷത. സിബിന് ഗിരീഷിനും അഭിജിത് പ്രവീണിനുമൊപ്പം അക്ഷയ് ടി കെ, അമല്‍രാജ്, ആഷിഖ് അലി, വിനില്‍ ടി എസ്, ശ്രീരൂപ് എം പി തുടങ്ങി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന നീണ്ടൊരു നിര തന്നെ ടീമിലുണ്ട്. 11.80 ലക്ഷം രൂപയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് സിബിന് ഗിരീഷിനെ റിപ്പിള്‍സ് ടീമിലെത്തിച്ചത്. എന്‍എസ്കെ ട്രോഫിയിലടക്കം സമീപകാലത്ത് മികച്ച ഫോമിലാണ് താരം. കഴിഞ്ഞ ആഭ്യന്തര സീസണിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അഭിജിതിന്റെ സാന്നിധ്യം ടീമിന്റെ മധ്യനിരയ്ക്കും ബൗളിങ്ങിനും കൂടുതല്‍ സ്ഥിരത നല്‍കും. എന്‍എസ്കെ ട്രോഫിയില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ച ആഷിഖ് അലിയാണ് മറ്റൊരു പ്രധാന താരം.
വിക്കറ്റുകള്‍ വീഴ്ത്താനും റണ്‍റേറ്റ് നിയന്ത്രിക്കാനും ശേഷിയുള്ള മികച്ച ബൗളിങ് നിരയും ഇത്തവണ റിപ്പിള്‍സിനുണ്ട്. കഴിഞ്ഞ സീസണില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ ജലജ് സക്സേനയുടെ പരിചയസമ്പത്ത് ടീമിന് തുണയാകും. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ കൃത്യതയോടെ പന്തെറിയുന്ന അജയഘോഷാണ് പേസ് നിരയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം. കഴിഞ്ഞ സീസണില്‍ 13 വിക്കറ്റുകളാണ് താരം കൊയ്തത്. ഇവരെക്കൂടാതെ അജിത് രാജും അഖില്‍ദേവും കെ അജിനാസും വിനില്‍ ടി എസും ഉള്‍പ്പെടുന്ന ബൗളിങ് നിര ഏതൊരു ബാറ്റിങ് നിരയെയും തളയ്ക്കാന്‍ പ്രാപ്തമാണ്. കെസിഎല്ലില്‍ ഹാട്രിക് നേടിയ ആദ്യ താരമാണ് അഖില്‍ദേവ്. കഴിഞ്ഞ സീസണില്‍ ഹാട്രിക് നേടിയ ഏകതാരമായ അജിനാസ് അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ സീസണുകളിലെ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ഓരോ വിഭാഗത്തിലും കൃത്യമായ പദ്ധതികളുമൊരുക്കിയിട്ടുണ്ട്. അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ഈ ടീമിന് ലീഗില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. മുന്‍ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് ടീമിന്റെ മുഖ്യപരിശീലകന്‍. മുന്‍ താരം കെ. എസ് മോനിഷ്, ഫര്സീന് അഹമ്മദ് എന്നിവര്‍ സഹപരിശീലകരായും ടീമിനൊപ്പമുണ്ട്. ശ്രീവത്സന്‍ പി. ബി (പെര്‍ഫോമന്‍സ് അനലിസ്റ്റ്), ഗബ്രിയേല്‍ ബെന്‍ കുര്യന് (ഫീല്‍ഡിങ് കോച്ച്), കെ. വിനീത് കുമാര്‍ (സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച്), അസ്കര്‍ പി.വി (ടീം ഫിസിയോ), സന്തോഷ് പി. ചാക്കോ (മസ്സിയര്‍), നന്ദകുമാര്‍ കെ.എ (ത്രോബോള്‍ സ്പെഷ്യലിസ്റ്റ്), അഭിറാം ഹൃത്വിക് (ടീം മാനേജര്‍) എന്നിവരും സംഘത്തിലുണ്ട്. ടി. എസ്. കലാധരന്‍, ദേവിക കലാധരന്‍, കൃഷ്ണ കലാധരന്‍, റാഫേല്‍ തോമസ് എന്നിവരാണ് ടീമിന്റെ ഉടമകള്‍.
ടീം അംഗങ്ങള്‍: സച്ചിന് ബേബി, മുഹമ്മദ് അസറുദ്ദീന്, ജലജ് സക്സേന, സിബിന് ഗിരീഷ്, അഭിജിത് പ്രവീണ്‍, അക്ഷയ് ടി കെ, വിനില്‍ ടി എസ്,ആകാശ് പിള്ള, ശ്രീരൂപ് എം പി, അരുണ്‍ കെ എ, അഖില്‍ദേവ്, അജ്നാസ് കെ, ആഷിഖ് അലി, അമല്‍രാജ് ആര്, അജയഘോഷ് എന്‍ എസ്, അജിത് രാജ്.
content highlights: Aiming for Maiden Title; Alleppey Ripples Ready for Cricket fest