പാക് ഓൾ റൗണ്ടർ ഹംസ നസറിന് രണ്ട് വർഷത്തെ വിലക്ക്. ക്രിക്കറ്റിന്റെ എല്ലാ മത്സരങ്ങളിൽ നിന്നും താരത്തെ സസ്പെൻഡ് ചെയ്തു. സസ്പെൻഷനൊപ്പം 10 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്.
പാക് ക്രിക്കറ്റ് ബോർഡ് മുഖേന വിസയ്ക്ക് അപേക്ഷിച്ചപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണ് പിസിബി തീരുമാനം പ്രഖ്യാപിച്ചത്.
പാക് ആഭ്യന്തര ക്രിക്കറ്റിൽ അടുത്തിടെ മികച്ച പ്രകടനം നടത്തിയിരുന്ന താരമായിരുന്നു ഹംസ നസർ. കഴിഞ്ഞ ദിവസം സമാപിച്ച വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നു. എന്നാൽ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിനയായി മാറി. പിന്നാലെയാണ് വിലക്കും വന്നത്.
വിസ അപേക്ഷാ വേളയിൽ ഹംസ സമ്പൂർണവും കൃത്യവുമായ വിവരങ്ങൾ നൽകിയില്ലെന്നാണ് പിസിബി പറയുന്നത്. താരം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സമർപ്പിച്ചെന്നും പ്രധാനപ്പെട്ട വസ്തുതകൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
content highlights:pakistan cricketer- hamza nazar banned for two years , reason