ഏഷ്യാകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിന്റെ പരിക്ക്. കാലിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നടക്കുന്ന 'ദി ഹണ്ട്രഡ്' ലീഗില്‍ നിന്ന് ജെമീമ പുറത്തായി. 60,000 പൗണ്ടിന് സതേണ്‍ ബ്രേവ് സ്വന്തമാക്കിയ ജെമീമ, ഈ സീസണില്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളായിരുന്നു.
ആറ് ഇന്നിങ്സുകളില്‍ നിന്നായി 143 റണ്‍സ് അടിച്ചുകൂട്ടിയ ജെമീമ രണ്ട് മത്സരങ്ങളില്‍ 'പ്ലെയര്‍ ഓഫ് ദി മാച്ച്' പുരസ്കാരവും നേടിയിരുന്നു. നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള ട്രെന്റ് റോക്കറ്റ്സിനൊപ്പം 20 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സതേണ്‍ ബ്രേവിന് ജെമീമയുടെ വിയോഗം വലിയ ആഘാതമാണ്.
ഈമാസം അവസാനം യു.എ.ഇയില്‍ ആരംഭിക്കുന്ന വനിതാ ഏഷ്യാ കപ്പിന് മുന്നോടിയായി ജെമീമയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, പരിക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് താരം ലീഗില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന. ഓഗസ്റ്റ് 30-ന് ദുബായില്‍ തായ്ലന്ഡിനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. അതേസമയം, ജെമീമയ്ക്ക് പകരക്കാരിയായി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ചാര്‍ലി നോട്ടിനെ സതേണ്‍ ബ്രേവ് ടീമിലെടുത്തിട്ടുണ്ട്.
content highlights: Major Blow for Team India Ahead of Asia Cup: Jemimah Rodrigues Injured