ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൺഡ്രം റോയൽസിന്‍റെ പരിശീലന ക്യാമ്പിന് തുമ്പയില്‍ തുടക്കമായി

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിനൊരുങ്ങുന്ന ട്രിവാൺഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിന് തുമ്പ കെസിഎ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ആവേശത്തുടക്കം

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിനൊരുങ്ങുന്ന ട്രിവാൺഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിന് തുമ്പ കെസിഎ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ആവേശത്തുടക്കം. മുഖ്യ പരിശീലകൻ അഭിഷേക് മോഹന്റെ നേതൃത്വത്തിലാണ് താരങ്ങൾ പരിശീലനത്തിനിറങ്ങിയത്. ആദ്യ സീസണിൽ സെമിയിലിടം നേടിയ ട്രിവാൺഡ്രം റോയൽസിന് കഴിഞ്ഞ സീസണിൽ അതിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലീഗിൽ ശക്തമായൊരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇത്തവണ റോയൽസ് ഇറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ ടീമാണ് ഇത്തവണ റോയൽസിന്റേത്. ലേലത്തിൽ മുഴുവൻ തുകയും ചെലവഴിച്ച് ശക്തമായൊരു ടീമിനെയാണ് ഇത്തവണ റോയൽസ് രംഗത്തിറക്കുന്നത്.

പല മത്സരങ്ങളിലും ബാറ്റിങ് നിരയുടെ പ്രകടനം അവസരത്തിനൊത്ത് ഉയരാതെ പോയതാണ് കഴിഞ്ഞ സീസണിൽ ടീമിന് തിരിച്ചടിയായത്. എന്നാൽ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ഗോവിന്ദ് ദേവ് പൈയും അക്ഷയ് മനോഹറും അടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് റോയൽസിന്റേത്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച കൃഷ്ണപ്രസാദ് തന്നെയാണ് ഇത്തവണയും ടീമിന്റെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ഒരു സെഞ്ചുറിയടക്കം 479 റൺസ് നേടിയ കൃഷ്ണപ്രസാദ് ആയിരുന്നു ലീഗിലെ ടോപ് സ്കോറർ. കേരള സീനിയർ ടീം താരവും നിലവിൽ ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിന് വേണ്ടി കളിക്കുകയും ചെയ്യുന്ന വിഷ്ണു വിനോദ് കൂടി കൃഷ്ണപ്രസാദിനൊപ്പം ചേരുമ്പോൾ ടൂർണമെന്റിലെ ഏറ്റവും പ്രഹരശേഷിയുള്ള മുൻനിര ബാറ്റിങ്ങാവുകയാണ് റോയൽസിന്റേത്. കേരളത്തിലെ ഏറ്റവും മികച്ച യുവബാറ്റർമാരിൽ ഒരാളായ ഗോവിന്ദ് ദേവ് കഴിഞ്ഞ രണ്ട് സീസണിലും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഗോവിന്ദിനൊപ്പം അക്ഷയ് മനോഹറും ചേരുമ്പോൾ ടീമിന്റെ മധ്യനിരയും ശക്തമാണ്.

ഒന്നിനൊന്ന് മികച്ച ഓൾറൗണ്ടർമാരുടെ നീണ്ടൊരു നിരയാണ് ടീമിന്റെ മറ്റൊരു കരുത്ത്. കേരള മുൻ നായകൻ കൂടിയായ സിജോമോൻ ജോസഫാണ് ഇത്തവണ ടീമിന്റെ ഉപനായകൻ (വൈസ് ക്യാപ്റ്റൻ). സിജോമോൻ ജോസഫ്, എം നിഖിൽ, കെ അജീഷ് എന്നിവരാണ് ടീമിലെ പ്രധാന ഓൾറൗണ്ടർമാർ. വിഷ്ണു വിനോദിനൊപ്പം ഉജ്വൽ കൃഷ്ണ, ഭരത് സൂര്യ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബൗളിങ് നിരയും ഇത്തവണ ശക്തമാണ്. ബേസിൽ എൻ.പി, സി.വി വിനോദ് കുമാർ, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ എന്നിവരടങ്ങുന്നതാണ് ടീമിലെ പേസ് നിര. ഒപ്പം സ്പിന്നർ വി അജിത്തും കൂടി ചേരുമ്പോൾ വരാനിരിക്കുന്ന കെ.സി.എൽ സീസണിൽ റോയൽസിന്റേത് കരുത്തുറ്റതും സന്തുലിതവുമായ ബൗളിങ് നിരയായി മാറുന്നു.

Content highlight: Trivandrum Royals begin training camp at Thumba for KCL

To advertise here,contact us