ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി ശുഭ്മാൻ ഗില്ലിന്റെ പരിക്ക്; ത്രിദിന സന്നാഹമത്സരത്തിലെ ആദ്യ ദിനത്തിൽ കളിക്കില്ല

നെറ്റ്‌സ് പരിശീലനത്തിനിടെ ഇന്ത്യയുടെ പേസ് ബൗളർ ഗുർനൂർ ബ്രാർ എറിഞ്ഞ പന്ത് ഗില്ലിന്റെ വലത് കയ്യിലെ മോതിരവിരലിൽ കൊള്ളുകയായിരുന്നു

ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ, ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായിരിക്കുകയാണ് നായകൻ ശുഭ്മാൻ ഗില്ലിനേറ്റ പരിക്ക്. കഴിഞ്ഞ വ്യാഴ്ച്ച നടന്ന നെറ്റ്‌സ് പരിശീലത്തിനിടെ ആയിരുന്നു താരത്തിന് പരിക്കേറ്റത്. വലത് കയ്യിലെ വിരലിന് പരിക്കേറ്റ താരം ശ്രീലങ്കക്കെതിരായ ത്രിദിന സന്നാഹമത്സരത്തിലെ ആദ്യ ദിനത്തിൽ കളിക്കില്ല. ഇതോടെ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലാണ് സന്നാഹമത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്.

നെറ്റ്‌സ് പരിശീലനത്തിനിടെ ഇന്ത്യയുടെ പേസ് ബൗളർ ഗുർനൂർ ബ്രാർ എറിഞ്ഞ പന്ത് ഗില്ലിന്റെ വലത് കയ്യിലെ മോതിരവിരലിൽ കൊള്ളുകയായിരുന്നു. പ്രാഥമിക ചികിത്സ തേടിയ താരം പരിശീലനം തുടരുകയും ചെയ്തിരുന്നു. എന്നാൽ, സ്ലിപ്പിൽ ഫീൽഡിംഗ് നടത്തുന്നതിനിടെ പന്ത് വീണ്ടും അതെ വിരലിൽ കൊള്ളുകയായിരുന്നു. ഇതോടെ പരിക്ക് കൂടുകയും മുൻകരുതൽ എന്ന നിലയിൽ താരത്തിന് വിശ്രമം അനുവദിക്കുകയുമായിരുന്നു.

പരിക്കിനെ തുടർന്ന് ഇന്ത്യയുടെ ജസ്പ്രീത് ബുംറ നേരത്തെ തന്നെ സ്‌ക്വാഡിൽ നിന്ന് പുറത്തതായിരുന്നു. താരത്തിന് പകരക്കാരനായി ആക്വിബ് നബിയെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് പതിനഞ്ചിനാണ് ഇന്ത്യ - ശ്രീലങ്ക പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഓഗസ്റ്റ് 15 മുതൽ 19 വരെയാണ് ശ്രീലങ്കക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറുന്നത്. ശേഷം ഓഗസ്റ്റ് 23 മുതൽ 27 വരെ രണ്ടാം ടെസ്റ്റ് മത്സരവും നടക്കും.

Content highlight: Shubman Gill sustains finger injury misses day 1 warm up match vs Sri Lanka XI

To advertise here,contact us