കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലേക്ക്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു 'യൂണിവേഴ്സ് ബോസ്' ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ടീമിന് പിന്തുണ നൽകാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയിൽ ക്രിക്കറ്റ് ആരാധകരോടും ആഹ്വാനം ചെയ്തിട്ടുണ്ട്. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ നായകനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും ഗെയിൽ തന്നെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കേരള ക്രിക്കറ്റ് ലീഗിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ ക്രിസ് ഗെയിലിന്റെ സാന്നിധ്യം ഏറെ സഹായകമാകും.
'ടീമിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ പിന്തുണയും ആരാധകരുമായുള്ള ബന്ധവും ഒരു ആഗോള സ്പോർട്സ് ബ്രാൻഡ് വളർത്തിയെടുക്കാനുള്ള ഞങ്ങളുടെ ലക്ഷ്യത്തിന് കരുത്തേകും. കെസിഎൽ മൂന്നാം സീസൺ അവിസ്മരണീയമാക്കാൻ എല്ലാ ആരാധകരുടെയും പിന്തുണയും വേണം', ടീം ഉടമ സുഭാഷ് മാനുവൽ വ്യക്തമാക്കി.
Content highlight: Chris Gayle to visit kerala to watch Kochi Blue Tigers KCL match