'രോഹിത്തിന്റെ കാര്യത്തിൽ ചതിക്കപ്പെട്ടു'; BCCI യും സെലക്ഷൻ കമ്മറ്റിയും തമ്മിൽ തർക്കം

തര്‍ക്കങ്ങള്‍ക്കിടയില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുടെ സ്ഥാനം തെറിക്കുമെന്നും സൂചനയുണ്ട്.

സീനിയർ താരം രോഹിത് ശര്‍മയെ ടീമില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും തമ്മില്‍ തർക്കം. രോഹിത് ശര്‍മ്മയുടെ ഭാവി സംബന്ധിച്ച് ബിസിസിഐ എടുത്ത നിലപാടില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി നിരാശയിലാണെന്നാണ് വിവരം.

2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളില്‍ രോഹിത് ശര്‍മ ഉണ്ടാകില്ലെന്ന് സെലക്ടര്‍മാരും ടീം മാനേജ്മെന്റും തീരുമാനമെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനം രോഹിതിന്റെ അവസാന മത്സരമായിരിക്കുമെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു.

എന്നാല്‍, മത്സരത്തിന് രണ്ടു ദിവസം മുന്‍പ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, രോഹിത് ഇപ്പോഴും ടീമിന്റെ പദ്ധതികളുടെ ഭാഗമാണെന്ന് സെലക്ടര്‍മാരോട് ആലോചിക്കാതെ പരസ്യ പ്രസ്താവന നടത്തി. ഇതാണ് സെലക്ടർമാരെ ചൊടിപ്പിച്ചത്.

മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ രോഹിത് വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നൽകുകയും ചെയ്തു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ താന്‍ യോഗ്യനാണെന്ന് വീണ്ടും തെളിയിക്കുക കൂടിയാണ് രോഹിത് ചെയ്തത്.

തര്‍ക്കങ്ങള്‍ക്കിടയില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുടെ സ്ഥാനം തെറിക്കുമെന്നും സൂചനയുണ്ട്. ലോകകപ്പ് വരെ അഗാര്‍ക്കര്‍ക്ക് കാലാവധി നീട്ടി നല്‍കുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും വിവിഎസ് ലക്ഷ്മണെ പുതിയ ചെയര്‍മാനാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

Content highlights: clash between bcci and selection committee over rohit sharma

To advertise here,contact us