'വളരെ ശാന്തനായ വ്യക്തിയാണ് ധോണി'; അജിങ്ക്യ രഹാനെ

ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ കളിക്കളത്തിന് അകത്തെ മാത്രമല്ല, കളിക്കളത്തിന് പുറത്തെ പെരുമാറ്റത്തെ കുറിച്ച് പലപ്പോഴായി ചർച്ചകൾ നടന്നിട്ടുണ്ട്

ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ കളിക്കളത്തിന് അകത്തെ മാത്രമല്ല, കളിക്കളത്തിന് പുറത്തെ പെരുമാറ്റത്തെ കുറിച്ച് പലപ്പോഴായി ചർച്ചകൾ നടന്നിട്ടുണ്ട്. ഇപ്പോൾ അതിൽ തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസം തന്റെ വിരമിക്കൽ പ്രഖ്യാപിച്ച അജിങ്ക്യ രഹാനെ. എല്ലാവരെയും പോലെ തന്നെ ഒരു സാധാരണ മനുഷ്യനാണെന്നും വളരെ ശാന്തനാണെന്നും ആയിരുന്നു രഹാനെയുടെ ധോണിയെ കുറിച്ചുള്ള പ്രതികരണം.

'ധോണി എല്ലാവരെയും പോലെ തന്നെ സാധാരണ മനുഷ്യൻ തന്നെയാണ്. വളരെ ശാന്തനായ ഒരു വ്യക്തി. അദ്ദേഹത്തിൽ മുറിയിൽ ഇപ്പോഴും ആളുകൾ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ മുറി അദ്ദേഹം എപ്പോഴും തുറന്നിടുമായിരുന്നു. തുറന്നിടുന്ന സമയത്ത് ആർക്കും മുറിയിൽ പ്രവേശിക്കാം. എന്നാൽ, എപ്പോഴെങ്കിലും ആ വാതിലുകൾ അടഞ്ഞാണ് കിടക്കുന്നതെങ്കിൽ ആർക്കും പ്രേവേശിക്കാൻ അനുവാദമില്ലാത്ത ഒന്നായും അത് മാറുമായിരുന്നു', സ്റ്റിക്കി ടു പോഡ്‌കാസ്റ്റിൽ രഹാനെ വ്യക്തമാക്കി.

ഇന്ത്യക്കുവേണ്ടി 85 ടെസ്റ്റ് മത്സരങ്ങളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളുമാണ് രഹാനെ കളിച്ചിട്ടുള്ളത്. 38-കാരനായ രഹാനെ ഈ വര്‍ഷം നടന്ന ഐപിഎല്ലിലും കളത്തിലിറങ്ങിയിരുന്നു. തന്റെ ഈ വിരമിക്കൽ പ്രഖ്യാപനത്തിലൂടെ 17 വര്‍ഷം നീണ്ടുനിന്ന തന്റെ കരിയറിനാണ് അദ്ദേഹം വിരാമമിട്ടത്.

Content highlight: Ajinkya Rahane praises MS Dhoni calm nature statement

To advertise here,contact us