ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍

ഓഗസ്റ്റ് ഏഴുമുതല്‍ കൊളംബോയില്‍ നടക്കുന്ന നാല് ദിവസത്തെ പരിശീലന മത്സരത്തില്‍ ഇന്ത്യ കളിക്കും

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി. പരമ്പരയ്ക്ക് മുന്നോടിയായി ഓഗസ്റ്റ് ഏഴുമുതല്‍ കൊളംബോയില്‍ നടക്കുന്ന നാല് ദിവസത്തെ പരിശീലന മത്സരത്തില്‍ ഇന്ത്യ കളിക്കും.

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗാലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. തുടര്‍ന്ന് ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്സ് ക്ലബ്ബിലാണ് രണ്ടാം ടെസ്റ്റ്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് മുട്ടിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനാകാത്തതിനെ തുടര്‍ന്ന് ഇന്ത്യയുടെ മുന്‍നിര പേസര്‍ ജസ്പ്രീത് ബുംറ പരമ്പരയില്‍ നിന്ന് പുറത്തായി. ബുംറയ്ക്ക് പകരം ആഖിബ് നബിയെ സെലക്ഷന്‍ കമ്മിറ്റി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കുകള്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. പരിക്കുകാരണം ഹര്‍ഷിത് റാണയും നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്താണ്. വാഷിംഗ്ടണ്‍ സുന്ദറിന് ആദ്യ ടെസ്റ്റ് നഷ്ടമാകും. പുറംവേദനയില്‍ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്ന ആകാശ് ദീപും ടീമില്‍ എത്തിയിട്ടില്ല.

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിന്റെ ഭാഗമാണ് ഈ പരമ്പര. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യ നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നാല് ജയവും നാല് തോല്‍വിയുമായി 48.150 പോയിന്റ് ശതമാനമാണ് ഇന്ത്യയ്ക്കുള്ളത്.

ഇന്ത്യന്‍ ടീംശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ധ്രുവ് ജൂറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരനാഥ് ജെയിന്‍, ആഖിബ് നബി.

content highlights: Indian Cricket Team Arrives in Sri Lanka for Test Series

To advertise here,contact us