രോഹിത് ശര്‍മയുമായുള്ള ഭിന്നത: അജിത് അഗാര്‍ക്കറുടെ സ്ഥാനം ഭീഷണിയില്‍

പകരം ഇന്ത്യന്‍ ഇതിഹാസ താരം വി.വി.എസ്. ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ സ്ഥാനം അപകടത്തിലെന്ന് റിപ്പോര്‍ട്ട്. ബി.സി.സി.ഐ അദ്ദേഹത്തിന് പകരം ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് തലവനായ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണെ ചീഫ് സെലക്ടറായി നിയമിക്കാന്‍ പദ്ധതിയിടുന്നതായാണ് വിവരങ്ങള്‍. അഗാര്‍ക്കറുടെ കരാര്‍ 2026 ജൂണില്‍ അവസാനിക്കേണ്ടതായിരുന്നുവെങ്കിലും ബി.സി.സി.ഐ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു. 2027 ഏകദിന ലോകകപ്പ് വരെ അദ്ദേഹം സ്ഥാനത്ത് തുടര്‍ന്നേക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും, രോഹിത് ശര്‍മ്മയുടെ ഏകദിന ഭാവി സംബന്ധിച്ച തര്‍ക്കങ്ങളാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയോടെ രോഹിത് വിരമിച്ചേക്കുമെന്നും, അതിനുശേഷമുള്ള പരമ്പരകളില്‍ നിന്ന് രോഹിതിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്റുമായി സംസാരിച്ചതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന് തൊട്ടുമുമ്പ് ഈ വാര്‍ത്തകള്‍ ചോര്‍ന്നതും, ആ മത്സരത്തില്‍ രോഹിത് ശര്‍മ്മ സെഞ്ചുറി നേടിയതും സെലക്ടര്‍മാരെയും മാനേജ്മെന്റിനെയും പ്രതിരോധത്തിലാക്കി. തുടര്‍ന്ന് അഗാര്‍ക്കറുമായി കൂടിയാലോചിക്കാതെ തന്നെ, 'ടീമിന്റെ പദ്ധതികളുടെ ഭാഗമായിരിക്കുന്നിടത്തോളം കാലം രോഹിത് കളിക്കും' എന്ന് വ്യക്തമാക്കി ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

കൂടാതെ, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തെക്കുറിച്ചുള്ള അവലോകന യോഗം നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ അത് നടന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍, ഒരു മാസത്തിനുള്ളില്‍ അഗാര്‍ക്കര്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും ലക്ഷ്മണ്‍ പുതിയ ചീഫ് സെലക്ടറായി ചുമതലയേറ്റേക്കുമെന്നുമാണ് സൂചനകള്‍.

content highlights: Rift with Rohit Sharma: Ajit Agarkar's Position as Chief Selector Under Threat

To advertise here,contact us