'അതിരുകടക്കരുത്' - കോഹ്ലി-ഗംഭീര്‍ ഐപിഎല്‍ തര്‍ക്കം ഓര്‍ത്തെടുത്ത് മുന്‍ ഐസിസി അമ്പയര്‍

ഉത്തരേന്ത്യക്കാര്‍ അഗ്രസീവ് ശൈലിയില്‍ കളിക്കുന്നവരാണെന്നും മുന്‍ അന്താരാഷ്ട്ര അമ്പയര്‍ അനില്‍ ചൗധരി

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ 2013 ഐപിഎല്ലിനിടെ നടന്ന വാക്‌പോരിനെക്കുറിച്ച് ഓര്‍ത്തെടുത്ത് മുന്‍ അന്താരാഷ്ട്ര അമ്പയര്‍ അനില്‍ ചൗധരി. കോഹ്ലിയുടെ ആവേശത്തെയും അഗ്രസീവ് ശൈലിയെയും പ്രശംസിക്കുമ്പോഴും, ഇത്തരം പെരുമാറ്റങ്ങള്‍ക്ക് നിശ്ചിത അതിര്‍വരമ്പുകള്‍ ഉണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കുട്ടിക്കാലം മുതല്‍ കോഹ്ലിയുടെ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള അനില്‍ ചൗധരി, ഒരു ചര്‍ച്ചയിലാണ് ഗ്രൗണ്ടിലെ കോഹ്ലിയുടെ വൈകാരികമായ പെരുമാറ്റത്തെക്കുറിച്ച് സംസാരിച്ചത്. 'വിരാടിനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. അവന്റെ പെരുമാറ്റത്തില്‍ മനഃപൂര്‍വം ആരെയും ഉപദ്രവിക്കാനുള്ള ചിന്തയോ മോശം ഉദ്ദേശ്യമോ ഉണ്ടാകാറില്ല. ചിലപ്പോഴൊക്കെ അല്പം അഗ്രസീവായി പ്രതികരിക്കുമെങ്കിലും, അമ്പയറുടെ തീരുമാനം ശരിയാണെന്ന് കണ്ടാല്‍ അവന്‍ നമ്മളെ അഭിനന്ദിക്കാനും മടിക്കാറില്ല. ഓവറുകള്‍ക്കിടയില്‍ വന്ന് സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്യും. ഗ്രൗണ്ടില്‍ എപ്പോഴും ഊര്‍ജ്ജസ്വലനായ ഇത്തരം കളിക്കാര്‍ ഉള്ളതാണ് ക്രിക്കറ്റിനെ വിരസമാക്കാതെ നിര്‍ത്തുന്നത്,' -അനില്‍ ചൗധരി പറഞ്ഞു.

2013-ലെ ആര്‍സിബി-കെകെആര്‍ മത്സരത്തിനിടെ കോഹ്ലിയും ഗംഭീറും തമ്മിലുണ്ടായ കടുത്ത തര്‍ക്കത്തെക്കുറിച്ച് പരാമര്‍ശിക്കവെ, ഉത്തരേന്ത്യന്‍ കളിക്കാരില്‍ പൊതുവേ ഇത്തരത്തിലുള്ള അഗ്രസീവ് ശൈലി കാണാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'തീവ്രമായ മത്സരബുദ്ധിയോടെ കളിക്കുന്നവരാണ് ഉത്തരേന്ത്യന്‍ താരങ്ങള്‍. കളിക്കളത്തില്‍ ഇത്രയും ആവേശം ഇല്ലെങ്കില്‍ അവരുടെ മികച്ച പ്രകടനം പുറത്തുവരണമെന്നില്ല. കളിക്ക് അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അതിന്റെ രസം നഷ്ടപ്പെടും. എന്നാല്‍ എന്തിനും ഒരു അതിരുണ്ട്, ആ അതിരുകള്‍ ഒരു കളിക്കാരനും ലംഘിക്കാന്‍ പാടില്ല,' -അദ്ദേഹം വ്യക്തമാക്കി.

2013 ഐപിഎല്‍ സീസണില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാലാജിയുടെ പന്തില്‍ കോഹ്ലി പുറത്തായതിന് പിന്നാലെയാണ് ഗംഭീറുമായി കടുത്ത വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. അന്ന് രജത് ഭാട്ടിയ ഇടപെട്ടാണ് ഇരുതാരങ്ങളെയും പിന്തിരിപ്പിച്ചത്.

content highlights: 'Don't Cross the Line' - Former ICC Umpire Recalls Kohli-Gambhir IPL Spat

To advertise here,contact us